Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിക്ക് ടീമില്‍ ഇടമില്ല, പുറത്താകുന്ന വമ്പന്മാരില്‍ കാര്‍ത്തിക്കും ?, ഓസീസിനെതിരായ പരമ്പര താരങ്ങള്‍ക്ക് നിര്‍ണായകം

ധോണിക്ക് ടീമില്‍ ഇടമില്ല, പുറത്താകുന്ന വമ്പന്മാരില്‍ കാര്‍ത്തിക്കും ?, ഓസീസിനെതിരായ പരമ്പര താരങ്ങള്‍ക്ക് നിര്‍ണായകം
ന്യൂഡല്‍ഹി , വ്യാഴം, 14 ഫെബ്രുവരി 2019 (15:32 IST)
ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ഓസ്‌ട്രേലിയക്കെതിരെ നടക്കാന്‍ പോകുന്ന ഏകദിന പരമ്പര ഇന്ത്യക്ക് നിര്‍ണായകമാണ്. ടീമിനെ രൂപപ്പെടുത്താനുള്ള അവസാന അവസരമാണിത്. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള താരങ്ങളുടെ അവസാന വേദിയാണിത്.

ഈ മാസം 24 മുതലാണ് ട്വന്റി-20 മത്സരങ്ങള്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര മാര്‍ച്ച് രണ്ടാം തീയതി തുടങ്ങും. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണിത്.

പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ വെള്ളിയാഴ്ച മുംബൈയിൽ ചേരുന്ന സിലക്ഷൻ കമ്മിറ്റി യോഗം തിരഞ്ഞെടുക്കും. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി മടങ്ങിയെത്തുമ്പോള്‍ ന്യുസിലന്‍ഡില്‍ ടീമിനെ നയിച്ച രോഹിത് ശര്‍മ്മയ്‌ക്ക് വിശ്രമം നല്‍കിയേക്കും.

ബോളിംഗ് ഡിപ്പാര്‍ട്ടു‌മെന്റിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജസ്‌പ്രിത് ബുമ്ര മടങ്ങിയെത്തുമ്പോള്‍ മുഹമ്മദ് ഷാമിക്ക് വിശ്രമം ലഭിച്ചേക്കും. എന്നാല്‍, ഓസീസിനെതിരായ ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പകരം ഋഷഭ് പന്തും ദിനേഷ് കാര്‍ത്തിക്കുമാകും ടീമില്‍ നിലനില്‍ക്കുക.

ഇവരില്‍ ഒരാള്‍ക്ക് മാത്രമേ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കൂ. ട്വന്റി-20യില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ആള്‍ക്ക് ഇംഗ്ലണ്ടിലേക്ക് പറക്കാം. ഇതിനാല്‍ ഇരുവര്‍ക്കും നിര്‍ണായകമാണ് രണ്ട് ട്വന്റി-20 മത്സരങ്ങള്‍.

ടീമിന് പുറത്തുള്ള അജിങ്ക്യ രഹാനെ, ലോകേഷ് രാഹുല്‍ എന്നിവരെ ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കും. മൂന്നാം ഓപ്പണറുടെ റോളുള്ള രാഹുലിനും മധ്യനിരയുടെ കാവല്‍‌ക്കാരനായ രഹാനെയ്‌ക്ക് ഈ പരമ്പര നിര്‍ണായകമാണ്. ഇവിടെയും പിഴച്ചാല്‍ 2019 ലോകകപ്പ് ഇരുവര്‍ക്കും സ്വപ്‌നമായി അവശേഷിക്കും.

ഈ സാഹചര്യത്തില്‍ ടീമിനുള്ളില്‍ ശക്തമായ മത്സരമായിരിക്കും നടക്കുക. അതേസമയം, വിശ്രമം ലഭിക്കുന്ന ധോണി ഏകദിന പരമ്പരകളില്‍ കളിക്കും. ലോകകപ്പിനു മുന്നോടിയായുള്ള അവസാന പരമ്പരയിൽ സന്ദർശകർക്ക് അനാവശ്യ മേധാവിത്തം നൽകാന്‍ ടീം തയാറാകില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ആ പ്രശ്‌നം ആശങ്കപ്പെടുത്തി, പക്ഷേ പിന്നീടുള്ള സംഭവം ഞെട്ടിച്ചു’; ധോണിയുടെ കാര്യത്തില്‍ വെളിപ്പെടുത്തലുമായി മുഖ്യ സെലക്‌ടര്‍