Abrar Ahmed Wicket Celebration: 'അപ്പുറത്ത് നില്‍ക്കുന്നത് ആരാണെന്നു നോക്കിയിട്ട് ഷോ ഇറക്ക്'; ഗില്ലിനെ പരിഹസിച്ച അബ്രറാറിനെ എയറില്‍ കയറ്റി ആരാധകര്‍
18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഗില്‍ പുറത്തായത്. വളരെ മികച്ചൊരു പന്തില്‍ ഇന്ത്യന്‍ ഓപ്പണറെ ബൗള്‍ഡ് ആക്കുകയായിരുന്നു അബ്രാര്‍ അഹമ്മദ്
Abrar Ahmed Wicket Celebration
Abrar Ahmed: പാക്കിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിന്റെ വിക്കറ്റ് സെലിബ്രേഷനെ ട്രോളി ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ശേഷമാണ് അബ്രാര്‍ അഹമ്മദ് പ്രകോപനപരമായ സെലിബ്രേഷന്‍ നടത്തിയത്. എന്നാല്‍ മത്സരത്തില്‍ ആറ് വിക്കറ്റിനു ഇന്ത്യ ജയിച്ചതോടെയാണ് ആരാധകര്‍ പാക് താരത്തെ ട്രോളി കളം നിറഞ്ഞത്.
18-ാം ഓവറിലെ മൂന്നാം പന്തിലാണ് ഗില്‍ പുറത്തായത്. വളരെ മികച്ചൊരു പന്തില്‍ ഇന്ത്യന്‍ ഓപ്പണറെ ബൗള്‍ഡ് ആക്കുകയായിരുന്നു അബ്രാര്‍ അഹമ്മദ്. ഗില്ലിനെ പുറത്താക്കിയതിനു പിന്നാലെ 'ഡ്രസിങ് റൂമിലേക്ക് തിരിച്ചു പോകൂ' എന്ന തരത്തില്‍ പാക് ബൗളര്‍ ആംഗ്യം കാണിക്കുകയായിരുന്നു. അബ്രാറിന്റെ വിക്കറ്റ് സെലിബ്രേഷന്‍ ഗില്ലിനു അത്ര പിടിച്ചില്ല. ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോള്‍ ഗില്‍ അബ്രാറിനെ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുകയും ചെയ്തു.
അതേസമയം ഇതെല്ലാം നടക്കുമ്പോള്‍ വിരാട് കോലിയാണ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്നത്. അബ്രാറിന്റെ പരിഹാസത്തിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചു കൊണ്ട് മറുപടി നല്‍കുകയായിരുന്നു കോലി. ഏത് ഐസിസി ടൂര്‍ണമെന്റുകളിലും പാക്കിസ്ഥാനെ തകര്‍ക്കുന്നതില്‍ കോലിയുടെ പ്രകടനമാണ് നിര്‍ണായകമാകാറുള്ളത്. ഇത്തവണയും അത് ആവര്‍ത്തിച്ചു. 111 പന്തുകളില്‍ നിന്ന് 100 റണ്‍സുമായി കോലി പുറത്താകാതെ നിന്നു. അബ്രാര്‍ അഹമ്മദിന്റെ വിക്കറ്റ് സെലിബ്രേഷനെ അതോടെ 'തമാശ'യാക്കാനും കോലിക്ക് സാധിച്ചെന്നാണ് ഇന്ത്യന്‍ ആരാധകരുടെ കമന്റ്.