അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടത്തിനുടമയായി അലിസ്റ്റര്‍ കുക്ക്; പഴങ്കഥയായത് സച്ചിന്റെ റെക്കോര്‍ഡ് !
സച്ചിന്റെ റെക്കോര്‍ഡ് വീണ്ടും മറികടന്ന് അലിസ്റ്റര്‍ കുക്ക്
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് നേട്ടത്തിനുടമയായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് ചെന്നൈ ടെസ്റ്റില്‍ കുക്ക് സ്വന്തം പേരിലാക്കിയത്. മറികടന്നതാവട്ടെ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും.
34 വയസും 95 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ ഈ നാഴികക്കല്ല് പഴങ്കഥയാക്കിയത്. എന്നാല്‍ 31 വര്‍ഷവും 357 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് കുക്ക് നേട്ടം സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. ഇന്നലെ വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ എത്തിയപ്പോഴായിരുന്നു കുക്ക് 11,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടം കൈവരിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ 10 റണ്‍സായിരുന്നു കുക്കിന്റെ സംഭാവന.
140 ടെസ്റ്റുകളില്‍ നിന്നാണ് കുക്കിന്റെ ഈ നേട്ടം. ഈ നേട്ടത്തിനുടമയാകുന്ന ആദ്യ ഇംഗ്ലണ്ട് താരം കൂടിയായി കുക്ക്. ഈ വര്‍ഷം മെയ് മാസത്തിലാണ് 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും കുക്ക് സ്വന്തമാക്കിയത്. അന്നും സച്ചിന്റെ റെക്കോര്‍ഡ് തന്നെയായിരുന്നു കുക്ക് മാറ്റിയെഴുതിയത്.