ക്രിക്കറ്റിൽ പുതിയ റെക്കോഡുകൾ സ്വന്തം പേരിൽ കുറിക്കുന്നത് ഹോബിയാക്കി മാറ്റിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്‌സൺ,ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയ ആൻഡേഴ്‌സണ് മുന്നിൽ ഷെയ്‌ൻ വോൺ, മുത്തയ്യ മുരളീധരൻ എന്നിവരാണുള്ളത്.
ഇപ്പോഴിതാ ഇന്ത്യക്കെതിരായ ഓവൽ ടെസ്റ്റിൽ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം.ഹോം ഗ്രൗണ്ടില്‍ ഏറ്റവും കുടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടമാണ് 39 കാരൻ സ്വന്തമാക്കിയത്. ഹോം ഗ്രൗണ്ടിൽ ആൻഡേഴ്‌സണിന്റെ 95ആം ടെസ്റ്റാണിത്. ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോഡാണ് താരം മറികടന്നത്.
ഇതോടെ 92 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഓസീസിന്റെ റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തായി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ എന്നിവരാണ് നാലാം സ്ഥാനത്ത്. ഇരുവരും 89 ടെസ്റ്റുകളാണ് ഹോം ഗ്രൗണ്ടിൽ കളിച്ചത്. നിലവിൽ ഇന്ത്യക്കെതിരായ പരമ്പരയിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ മൂന്നാമതാണ് ആൻഡേഴ്‌സൺ,മൂന്ന് ടെസ്റ്റുകളിൽ നിന്നായി 13 വിക്കറ്റുകളാണ് റ്റ്ഹാരം വീഴ്‌ത്തിയത്.