ഇന്ത്യന്‍ താരവും ആര്‍സിബി പേസറുമായ യാഷ് ദയാലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്ത്. യാഷ് ദയാലുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. യാഷ് ദയാല്‍വിവാഹ വാഗ്ദാനം നല്‍കി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് യുപിയില്‍ നിന്നുള്ള യുവതി കഴിഞ്ഞ ദിവസമാണ് പരാതിയുമായി രംഗത്ത് വന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതിയും മുന്നോട്ട് വന്നിരിക്കുന്നത്.
ഇത് പങ്കുവെയ്ക്കുവാന്‍ പോലും എനിക്ക് ബുദ്ധിമുട്ടുണ്ട്. ദൈവമെ എന്താണ് അയാള്‍ നമ്മളോട് ചെയ്തത്. ഇത് വെറും വഞ്ചനയല്ല, വിശ്വാസ വഞ്ചനയാണ്. ഇനിയും എത്ര ജീവിതങ്ങളാണ് നിങ്ങള്‍ നശിപ്പിക്കാന്‍ പോകുന്നത്. നിങ്ങളെ പോലെ വില കുറഞ്ഞ ഒരു വ്യക്തിയില്‍ നിന്നും എന്നെ രക്ഷിച്ചതില്‍ ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. യുവതി എക്‌സില്‍ കുറിച്ചു.
അതേസമയം നേരത്തെ യുപിയില്‍ നിന്നുള്ള യുവതി നല്‍കിയ പരാതിയില്‍ യാഷ് ദയാല്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സംഭവത്തില്‍ താരത്തിന് പോലീസ് നോട്ടീസയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമാകും പോലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കുക. ഇതിനിടെയാണ് ആരോപണവുമായി മറ്റൊരു യുവതിയും യാഷിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.