ആഷസ് പര്യടനത്തിനിടെ ഓസ്ട്രേലിയയിലെ നൂസയില്‍ ദിവസങ്ങളോളം ഇംഗ്ലണ്ട് താരങ്ങള്‍ മദ്യപാനത്തിലായി ചെലവഴിച്ചെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ആഷസ് പരമ്പരയിലെ ആദ്യ 3 ടെസ്റ്റുകളിലും ഇംഗ്ലണ്ട് പരാജയപ്പെട്ടതോടെയാണ് താരങ്ങളുടെ മോശം സമീപനത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയിലെ നാല് ദിവസങ്ങള്‍ ഇംഗ്ലണ്ട് താരങ്ങള്‍ മദ്യപിക്കാനായാണ് ചെലവഴിച്ചതെന്നാണ് ആരോപണമുയര്‍ന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതോടെ ടീമിന്റെ പെരുമാറ്റത്തെ കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് മാധ്യമങ്ങളും മുന്‍ താരങ്ങളും നടത്തിയത്. ഇതിന് പിന്നാലെ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ECB) സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സംഭവത്തെ പറ്റി ബെന്‍ സ്റ്റോക്‌സിന്റെ പ്രതികരണം ഇങ്ങനെ. കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സമയത്ത്, കളിക്കാര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് എന്റെ ജോലി. അവര്‍ മികച്ച നിലയില്‍ കളിക്കളത്തിലിറങ്ങാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് പ്രധാനം, എന്നാണ് സ്റ്റോക്സ് വ്യക്തമാക്കിയത്. മാധ്യമസമ്മര്‍ദ്ദം താരങ്ങളെ എത്രത്തോളം ബാധിക്കുമെന്ന് തനിക്ക് നല്ല രീതിയില്‍ അറിയാമെന്നും സ്റ്റോക്‌സ് പറഞ്ഞു.