ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചപ്പോള്‍ എല്ലാ ചോദ്യങ്ങളും വന്നെത്തി നില്‍ക്കുന്നത് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ മുന്നിലാണ്. ഒന്നാം ഇന്നിങ്‌സ് ആദ്യ ദിനം തന്നെ ഡിക്ലയര്‍ ചെയ്യാനുള്ള ഇംഗ്ലണ്ട് നായകന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സ് നേടി നില്‍ക്കുന്ന സമയത്താണ് സ്‌റ്റോക്‌സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഒന്നാം ഇന്നിങ്‌സില്‍ 50 റണ്‍സ് കൂടി ഉണ്ടായിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിയേനെ എന്നാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ആരാധകര്‍ വാദിക്കുന്നത്. ആദ്യ ദിനം പൂര്‍ത്തിയാകും മുന്‍പ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത് എടുത്തുചാട്ടമായെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലറേഷനെ മത്സരശേഷവും ന്യായീകരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍. ആ തീരുമാനത്തെ പുനഃപരിശോധിക്കാന്‍ താല്‍പര്യമില്ലെന്ന് സ്റ്റോക്‌സ് മത്സരശേഷം പറഞ്ഞു.
' മികച്ച നിലയില്‍ നില്‍ക്കുമ്പോള്‍ ആണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഞങ്ങള്‍ അപ്പോള്‍ ഡിക്ലയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ അഞ്ചാം ദിനത്തിലുണ്ടായിരുന്ന ആവേശം നമുക്ക് ലഭിക്കുമായിരുന്നോ? ഞാന്‍ നൂറ് ശതമാനം ശരിയല്ല. പക്ഷേ മത്സരത്തില്‍ സംഭവിച്ചതിലേക്ക് ഇനി തിരിഞ്ഞു നോക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലക്ഷ്യമിട്ടതിലേക്ക് കടക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം,' സ്റ്റോക്‌സ് പറഞ്ഞു.
' ആഷസ് ആയതുകൊണ്ട് ഞാന്‍ എന്റെ ക്രിക്കറ്റിനെ കുറിച്ചുള്ള ചിന്താരീതികള്‍ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഒരു 40 റണ്‍സ് കൂടി എടുത്തിരുന്നെങ്കില്‍ രണ്ട് വിക്കറ്റും രണ്ട് പന്തുകളും ശേഷിക്കെ അവര്‍ അത് മറികടക്കില്ലെന്ന് ആര്‍ക്ക് അറിയാം? രണ്ടാം ദിനം ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കാനുള്ള ഒന്നായാണ് ഞങ്ങള്‍ ഈ തീരുമാനത്തെ കണ്ടത്,' സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.