Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asia Cup, India-Pakistan Match: ഇന്ത്യക്ക് പാക് പ്രഹരം; സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ തോറ്റത് അഞ്ച് വിക്കറ്റിന്

51 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍

Asia Cup, India-Pakistan Match: ഇന്ത്യക്ക് പാക് പ്രഹരം; സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ തോറ്റത് അഞ്ച് വിക്കറ്റിന്
, തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (07:58 IST)
Asia Cup, India-Pakistan Match: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യക്ക് തോല്‍വി. ചിരവൈരികളായ പാക്കിസ്ഥാനോട് അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയോട് അഞ്ച് വിക്കറ്റിന് തോല്‍വി വഴങ്ങിയതിന് സൂപ്പര്‍ ഫോറില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് പാക് പട. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒരു പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അത് മറികടന്നു. 
 
51 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാന്റെ ഇന്നിങ്‌സിന് നെടുംതൂണ്‍ ആകുകയായിരുന്നു റിസ്വാന്‍. കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ പാക്കിസ്ഥാനെ സഹായിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓള്‍റൗണ്ടര്‍ മുഹമ്മദ് നവാസിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ്. വെറും 20 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 42 റണ്‍സ് നേടിയാണ് നവാസ് പുറത്തായത്. ഇന്ത്യന്‍ ബൗളര്‍മാരായ ബുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ പാക്കിസ്ഥാന്‍ ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. മൂന്ന് പേരും 40 റണ്‍സില്‍ കൂടുതല്‍ വഴങ്ങി. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി വിരാട് കോലി (44 പന്തില്‍ 60) അര്‍ധ സെഞ്ചുറി നേടി. രോഹിത് ശര്‍മയും കെ.എല്‍.രാഹുലും 28 റണ്‍സ് നേടി. ഇന്ത്യ 10 ഓവറില്‍ 100 റണ്‍സിന് അടുത്തെത്തിയതാണ്. 200 റണ്‍സ് കടക്കുമെന്ന് പോലും ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും മധ്യ ഓവറുകളിലും അവസാന ഓവറുകളിലും പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു. 
 
സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയേയും അഫ്ഗാനിസ്ഥാനേയും ഇന്ത്യ ഇനി നേരിടണം. ഇരു ടീമുകള്‍ക്കുമെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: കോലി ഫോം ഔട്ടിലാണ്, പക്ഷേ ടൂർണമെൻ്റിലെ ഇന്ത്യൻ ടോപ്സ്കോറർ!