ഇന്ത്യ ഓസീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. രണ്ടാം ഇന്നിങ്സിൽ 36 റൺസെടുക്കുന്നതിനിടെ പേര് കേട്ട ഇന്ത്യൻ ബാറ്റിംഗ് നിര കൂടാരം കേറിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 21 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഓസീസ് വിജയലക്ഷ്യത്തിലെത്തിയത്. മാത്യു വെയ്‌ഡ് (33), മാർനസ് ലാബുഷെയ്ൻ(6) എന്നിവരാണ് പുറത്തായത്.
നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ പാറ്റ് കമ്മിൻസ് വലിയ തിരിച്ചടി നൽകി.നൈറ്റ് വാച്ച്മാനായ ജസ്പ്രീത് ബുമ്രയെ 2 റൺസിന് പുറത്താക്കിയ കമ്മിൻസ് പിന്നാലെയെത്തിയ ചേതേശ്വർ പൂജാര (0) ഇന്ത്യൻ നായകൻ വിരാട് കോലി(4) എന്നിവരെ തിരിച്ചയച്ചു.
അതേ സമയം മായങ്ക് അഗർവാളിനെ പുറത്താക്കി ഒരു ഭാഗത്ത് ജോഷ് ഹേസൽവുഡും പ്രഹരം ആരംഭിച്ചു.തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഹേസൽവുഡ് ഇന്ത്യൻ ബാറ്റിംഗ് നിറയെ സമ്മർദ്ദത്തിലാക്കി.അജിങ്ക്യ രഹാനെ,ഹനുമ വിഹാരി,വൃദ്ധിമാൻ സാഹ,ആർ അശ്വിൻ എന്നിവരെ പുറത്താക്കി അഞ്ച് വിക്കറ്റുകൾ ഹേസൽവുഡ് സ്വന്തമാക്കി.ടെസ്റ്റ് കരിയറിൽ 200 വിക്കറ്റുകൾ എന്ന നേട്ടവും ഹേസൽവുഡ് ഇതിനിടെ പിന്നിട്ടു.
ഇതോടെ ആദ്യ ഇന്നിങ്സിൽ 53 റൺസിന്റെ ലീഡും ചേർത്ത് 90 റൺസ് വിജയലക്ഷ്യവുമായാണ് ഓസീസ് ഇറങ്ങിയത്.ഇന്ത്യൻ ബാറ്റിംഗ് നിറയെ ചതച്ചരച്ച പിച്ചിൽ നിന്നും പക്ഷെ യാതൊരു ആനുകൂല്യവും സ്വന്തമാക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല.രണ്ടാം ഇന്നിങ്സിൽ ജോ ബേൺസിന്റെ 51 റൺസിന്റെയും മാത്യു വെയ്‌ഡിന്റെ 33 റൺസിന്റെയും ബലത്തിൽ 21 ഓവറിൽ അനായാസകരമായാണ് ഓസീസ് വിജയം സ്വന്തമാക്കിയത്.