ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പേസര്‍ പാറ്റ് കമ്മിന്‍സാണ് ടീം നായകന്‍. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. സ്പിന്നര്‍മാരായി മാറ്റ് കുന്‍മാന്‍ ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്റര്‍ എന്നിവരും ടീമിലുണ്ട്.
ഇന്ത്യക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ സാം കോണ്‍സ്റ്റാസിനെ ടീം തിരികെവിളിച്ചു. ബ്രണ്ടന്‍ ഡോഗറ്റിനെ ട്രാവലിങ് റിസര്‍വ് താരമായും ഉള്‍പ്പെടുത്തി. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ പേസര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ചിരുന്നില്ല. ഒരു വര്‍ഷത്തിലേറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കാമറൂണ്‍ ഗ്രീന്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ തിരിച്ചെത്തുന്നത്.
ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിജയിക്കാനായാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം 2 തവണ നേടുന്ന ആദ്യ രാജ്യമെന്ന നേട്ടം ഓസ്‌ട്രേലിയക്ക് സ്വന്തമാകും. ജൂണ്‍ 11നാണ് കലാശപോരാട്ടം.
ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്. അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീഷ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാറ്റ് കുന്‍മാന്‍,മര്‍നസ് ലബുഷെയ്ന്‍, നാഥന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്, ബു വെബ്സ്റ്റര്‍