വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 13 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പാകിസ്ഥാനെതിരായ പരമ്പരയോടെ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച പശ്ചാത്തലത്തില്‍ സ്റ്റീവ് സ്മിത്താകും ഓസീസ് ഓപ്പണറായി എത്തുക എന്നാണ് സൂചന. സ്മിത്തിന് സ്ഥാനക്കയറ്റം ലഭിക്കുകയാണെങ്കില്‍ കാമറൂണ്‍ ഗ്രീനായിരിക്കും നാലാം നമ്പര്‍ സ്ഥാനത്ത് ബാറ്റിംഗിനിറങ്ങുക. ട്രാവിസ് ഹെഡാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍),ജോഷ് ഹേസല്‍വുഡ്,കാമറൂണ്‍ ഗ്രീന്‍,സ്‌കോട്ട് ബോളണ്ട്,അലക്‌സ് ക്യാരി,ട്രാവിസ് ഹെഡ്(വൈസ് ക്യാപ്റ്റന്‍),ഉസ്മാന്‍ ഖവാജ,മാര്‍നസ് ലബുഷെയ്ന്‍,നേതന്‍ ലിയോണ്‍,മിച്ചല്‍ മാര്‍ഷ്,മാത്യു റെന്‍ഷോ,സ്റ്റീവ് സ്മിത്ത്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസ് ടെസ്റ്റ് സ്‌ക്വാഡിലുള്ളത്. മാര്‍ക്കസ് ഹാരിസ്,കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരുടെ പോരാട്ടം മറികടന്നുകൊണ്ട് ടീമിലെത്തിയ മാത്യൂ റെന്‍ഷോ ആയിരിക്കും ടീമിന്റെ മൂന്നാം ഓപ്പണര്‍.
വെസ്റ്റിന്‍ഡീസിനെതിരെ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്‌ലി വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗ്രീന്‍ സ്മിത്തിന്റെ സ്ഥാനമായ നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങാനാണ് സാധ്യത. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നാലാം നമ്പറില്‍ മികച്ച റെക്കോര്‍ഡും കാമറൂണ്‍ ഗ്രീനിനുണ്ട്. 2 ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ കളി ജനുവരി 17നാണ് ആരംഭിക്കുന്നത്.