ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഓസീസിന് ആശ്വാസജയം. ഇന്ത്യക്കായി നായകൻ കോലി തകർത്തടിച്ചെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല. മത്സരത്തിൽ കോലി ഒഴികെ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കും തന്നെ തിളങ്ങാനായില്ല. ശിഖർ ധവാൻ 28 റൺസും ഹാർദ്ദിക് പാണ്ഡ്യ 20 റൺസും സ്വന്തമാക്കിയപ്പോൾ മലയാളി താരം സഞ്ജു സാംസൺ ഇത്തവണയും നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയക്ക്ഉകയായിരുന്നു. മാത്യൂ വെയ്‌ഡിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധ സെഞ്ചുറി പ്രകടനങ്ങളുടെ ബലത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് ഓസീസ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യം തന്നെ നായകൻ ആരോൺ ഫിഞ്ചിന്റെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മാത്യൂ വെയ്‌ഡ് ടീമിനെ കരകയറ്റുകയായിരുന്നു.
തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം തന്നെ മുൻനിര ബാറ്റ്സ്മാനായ കെഎൽ രാഹുലിനെ നഷ്ടമായെങ്കിലും ശിഖർ ധവാനും നായകൻ കോലിയും കൂടി സ്കോർ ഉയർത്തി. 28 റൺസെടുത്ത് ധവാൻ പുറത്തായതോടെ എത്തിയ സഞ്ജു സിംഗിളുകളിലൂടെ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഇത്തവണയും അലസമായി തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ശ്രേയസ് അയ്യരും പെട്ടെന്ന് തന്നെ പുറത്തായതോടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ ഭാരമെല്ലാം ഇന്ത്യൻ നായകന്റെ തോളിലായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാർദ്ദിക് പാണ്ഡ്യ കൂടി പുറത്തായതോടെ ഇന്ത്യ അപകടം മണത്തു.
എന്നാൽ ഒരറ്റത്ത് തകർത്തടിച്ച കോലി ഇന്ത്യൻ പ്രതീക്ഷകൾക്ക് ജീവൻ നൽകി. എന്നാൽ സ്കോർ റേറ്റിങ്ങ് ഉയർത്തുന്നതിനിടെയിൽ കോലിയുടെ വിക്കറ്റും നഷ്ടമായതോടെ ഇന്ത്യ പരാജയമുറപ്പിക്കുകയായിരുന്നു. വാലറ്റത്ത് ശാർദൂൽ താക്കൂർ 7 പന്തുകളിൽ നിന്നും 17 റൺസുമായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താൻ അത് മതിയായിരുന്നില്ല.
നേരത്തെ ഓസീസ് ബാറ്റിങ്ങിൽ മോശം ഫീൽഡിങ്ങാണ് ഇന്ത്യൻ ഭാഗത്ത് ഇന്നുണ്ടായത്. ഓസീസ് വേടിക്കെട്ട് വീരൻ ഗ്ലെൻ മാക്‌സ്‌വെല്ലിന് ഒന്നിലേറെ തവണയാണ് ഇന്ത്യ ജീവൻ നൽകിയത്. മറുവശത്ത് കോലിയുടെ രണ്ട് അവസരങ്ങൾ ഓസീസ് നഷ്ടപ്പെടുത്തുകയും ചെയ്‌തു.