സെന്റ് ലൂസിയയില്‍ ഓസീസിനെതിരെ ഇന്നലെ നടന്ന സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ മിന്നുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ നീറ്റല്‍ തന്റെയുള്ളില്‍ ഇപ്പോഴുമുണ്ടെന്ന് പ്രഖ്യാപിച്ച് കൊണ്ട് അടിച്ചുതകര്‍ത്ത നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും പിന്നീട് നായകന്‍ മിച്ചല്‍ മാര്‍ഷും ഓപ്പണര്‍ ട്രാവിസ് ഹെഡും ചേര്‍ന്ന് മത്സരം തങ്ങളുടെ കൈയിലാക്കിയിരുന്നു. 28 പന്തില്‍ 37 റണ്‍സെടുത്ത ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് പുറത്തായതോടെയാണ് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഈ സമയം 9 ഓവരില്‍ 87ന് 1 എന്ന നിലയിലായിരുന്നു ഓസീസ്.
ഓസീസ് സ്‌കോര്‍ വെറും 6 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ ശക്തമായ നിലയില്‍ എത്തിച്ചു. മത്സരം ഇന്ത്യയുടെ കൈകളില്‍ നിന്നും നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഒമ്പതാം ഓവറിലെ അവസാന പന്തില്‍ കുല്‍ദീപിന്റെ ബൗളിംഗില്‍ ബൗണ്ടറി ലൈനിനരികെ പറന്നുകൊണ്ട് അക്‌സര്‍ മാര്‍ഷിനെ കൈയിലൊതുക്കിയത്. ഓസ്‌ട്രേലിയ മറ്റൊരു ബൗണ്ടറി കൂടി സ്വന്തമാക്കുമെന്നാണ് ആദ്യം തോന്നിച്ചതെങ്കിലും അവിശ്വസനീയമായ രീതിയില്‍ അക്‌സര്‍ ക്യാച്ച് കയ്യിലൊതുക്കി. ഇടം കയ്യനായ അക്‌സര്‍ തന്റെ വലതുകൈകൊണ്ടായിരുന്നു ക്യാച്ച് സ്വന്തമാക്കിയത്.
മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യയ്ക്ക് വിക്കറ്റ് വേണമെന്ന നിര്‍ണായക ഘട്ടത്തിലായിരുന്നു ടീം ആഗ്രഹിച്ച ബ്രേക്ക് ത്രൂ ഉണ്ടായത്. രണ്ടാം വിക്കറ്റ് വീണതിന് ശേഷം മൂന്നാം വിക്കറ്റില്‍ നല്പത് റണ്‍സുകള്‍ കൂട്ടിചേര്‍ക്കാന്‍ ഓസീസിനായി. എന്നാല്‍ മാക്‌സ്വെല്‍ കൂടി പുറത്തായതോടെ ഓസീസ് വിക്കറ്റുകള്‍ പിന്നീട് നിലംപതിച്ചത് വളരെ പെട്ടെന്നായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷദീപ് സിംഗ് 3 വിക്കറ്റുകളും കുല്‍ദീപ് യാദവ് 2 വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 43 പന്തില്‍ 76 റണ്‍സുമായി തിളങ്ങിയ ട്രാവിസ് ഹെഡായിരുന്നു ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍.