Virat Kohli: ഓപ്പണിങ് ഇറങ്ങി ഇനിയും നാണംകെടണോ? വീണ്ടും ഡക്കായി കോലി
ലോകകപ്പില്‍ ഇതുവരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 66 റണ്‍സ് മാത്രമാണ് കോലി നേടിയിരിക്കുന്നത്
Virat Kohli: ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പൂജ്യത്തിനു പുറത്തായി വിരാട് കോലി. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത കോലി അഞ്ച് പന്തുകളില്‍ നിന്ന് റണ്‍സൊന്നും എടുക്കാതെ പുറത്താകുകയായിരുന്നു. ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ ടിം ഡേവിഡ് ക്യാച്ചെടുത്താണ് കോലി പുറത്തായത്.
ലോകകപ്പില്‍ ഇതുവരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 66 റണ്‍സ് മാത്രമാണ് കോലി നേടിയിരിക്കുന്നത്. രണ്ടക്കം കാണാനായത് രണ്ട് തവണ മാത്രം. രണ്ട് തവണ പൂജ്യത്തിനു പുറത്തായി. ബംഗ്ലാദേശിനെതിരെ 28 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയതാണ് ഈ ടൂര്‍ണമെന്റിലെ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍.
ഓപ്പണര്‍ എന്ന നിലയില്‍ കോലി തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് തലവേദനയാകുകയാണ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഓപ്പണറായ കോലി ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ഈ പ്രകടനം പരിഗണിച്ചാണ് കോലിയെ രോഹിത്തിനൊപ്പം ഓപ്പണറാക്കിയത്. എന്നാല്‍ ലോകകപ്പില്‍ ഓപ്പണര്‍ എന്ന നിലയില്‍ തിളങ്ങാന്‍ കോലിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇനിയും പരീക്ഷണങ്ങള്‍ തുടരാതെ കോലിയെ വണ്‍ഡൗണിലേക്ക് മാറ്റുകയും യഷസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കുകയും വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.