ഏകദിനക്രിക്കറ്റിൽ റൺമെഷീൻ വിരാട് കോലിയുടെ റെക്കോർഡ് തകർത്ത് പാകിസ്ഥാൻ നായകൻ ബാബർ ആസാം. വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിയോടെ നായകനെന്ന നിലയിൽ ഏകദിനത്തിൽ വേഗത്തിൽ 1000 റൺസ് കണ്ടെത്തുന്ന താരമായി ബാബർ മാറി. വെറും 13 ഇന്നിങ്‌സുകളിൽ നിന്നാണ് ബാബറിന്റെ നേട്ടം. 17 ഇന്നിങ്സിൽ നിന്ന് 1000 റൺസ് സ്വന്തമാക്കിയ മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണ് പട്ടികയിൽ രണ്ടാമത്. 18 ഇന്നിങ്സിൽ നിന്ന് 1000 റൺസെടുത്ത ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സാണ് പട്ടികയിൽ മൂന്നാമത്.
ഇന്നലെ വിന്ഡീസിനെതിരെ നടന്ന മത്സരത്തിൽ 306 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനായി 103 റൺസാണ് ബാബർ നേടിയത്.നേരത്തെ ഷായ് ഹോപ്പിന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് വെസ്റ്റ് ഇൻഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 305ലെത്തിയത്.ഷായ് ഹോപ്പ് 134 പന്തിൽ 127 റണ്സെടുത്തു.