ന്യൂസിലൻഡിനെ ആദ്യമായി അവരുടെ മണ്ണിൽ തോൽപ്പിച്ച് ബംഗ്ലാദേശ്. എട്ട് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ചരിത്രവിജയം. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ ബംഗ്ലാദേശ് ലീഡ് സ്വന്തമാക്കി. 2001 മുതലാണ് ബംഗ്ലാദേശിന്റെ ന്യൂസിലൻഡ് പര്യടനത്തിന് തുടക്കമാവുന്നത്. മൂന്ന് ഫോർമാറ്റിലുമായി 32 മത്സരങ്ങൾ കളിച്ചതിൽ 32 എണ്ണത്തിലും ബംഗ്ലാദേശ് തോറ്റിരുന്നു.
അതേസമയം 2011ന് ശേഷം ന്യൂസിലൻഡിനെ ന്യൂസിലൻഡ് മണ്ണിൽ ടെസ്റ്റിൽ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീമാണ് ബംഗ്ലാദേശ്. 2011 ജനുവരിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ ഹാമിൽട്ടണിൽ തോൽപ്പിച്ച ശേഷം ടെസ്റ്റിൽ മറ്റൊരു ഏഷ്യൻ ടീമിനും വിജയിക്കാൻ സാധിച്ചിരുന്നില്ല.
ഇബാദത്ത് ഹുസെയ്‌നിന്റെ രണ്ടം ഇന്നിങ്സിലെ ആറ് വിക്കറ്റ് നേട്ടമാണ് അഞ്ചാം ദിനത്തിന്റെ ആദ്യ ദിനത്തിൽ തന്നെ വിജയമുറപ്പിക്കാൻ ബംഗ്ലാദേശിനെ സഹായിച്ചത്. രണ്ടാം ഇന്നിങ്സിൽ 169 റൺസിനാണ് ന്യൂസിലൻഡ് ഓൾഔട്ടായത്. ഇതോടെ ബംഗ്ലാദേശിന് മുന്നിലെത്തിയ 40 റൺസ് വിജയലക്ഷ്യം അവർ 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. രണ്ട് ഇന്നിങ്സുകളിലായി 7 വിക്കറ്റ് വീഴ്‌ത്തിയ ഇബാദറ്റ്ത് ഹുസെയ്‌നാണ് കളിയിലെ താരം.