ലോകകപ്പ് തോൽവിക്ക് ശേഷം മാധ്യമങ്ങൾ പിന്തുടരുന്ന രണ്ട് പേരാണ് ക്യാപ്ടൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും. ഇരുവരും തമ്മിൽ തർക്കമാണെന്ന റിപ്പോർട്ടുകൾക്കിടെ, പ്രശ്നത്തിൽ ബിസിസിഐ ഇടപെടുന്നു. ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിന് ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി അടുത്തയാഴ്ച യുഎസ്സിലേക്കു പോകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി20 മൽസരങ്ങൾ യുഎസിലാണ് നടക്കുന്നത്. മത്സരത്തിനു മുന്നോടിയായി രോഹിതിനേയും കോഹ്ലിയേയും ഒരുമിച്ചിരുത്തി ചർച്ചകൾ ചെയ്ത് പ്രശ്നം പരിഹരിക്കുക എന്നതാണ് ജോഹ്‌റിയുടെ ലക്ഷ്യം.
കോലിയും രോഹിതും പക്വതയുള്ള വ്യക്തികളാണ്. ഇരുവരോടും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളുവെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിശീലകൻ രവി ശാസ്ത്രിയുടെ സാന്നിധ്യത്തിലാകും ചർച്ചകൾ.
വിൻഡീസ് പര്യടനത്തിലെ ഏകദിന ട്വന്റി20 മത്സരങ്ങളിൽനിന്ന് വിരാട് കോലി വിട്ടുനിന്നേക്കും എന്ന് മുൻപു റിപ്പോറ്ട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, രോഹിത് ശർമയാകും ഈ സാഹചര്യത്തിൽ നായകനാവുക. ഇത് തടയുന്നതിനു വേണ്ടിയാണ് കോഹ്ലി വിശ്രമം വേണ്ടെന്ന് വെച്ച് മടങ്ങി വന്നതെന്നും ഒരു കൂട്ടർ പറയുന്നു.