ഇന്ത്യൻ ടീമിലേക്ക് അവസരം നിഷേധിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾക്കിടെ ബിസിസിഐയുട്ടെ വാർഷിക കരാറിൽ ഇടം പിടിച്ച് മലയാളി താരം സഞ്ജു സാംസൺ. വർഷം ഒരു കോടി രൂപ പ്രതിഫലം ലഭിക്കുന്ന വിഭാഗമായ ഗ്രൂപ്പ് സിയിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 2022 മുതൽ 2023 സെപ്റ്റംബർ വരെയാണ് കരാർ. അതേസമയം കഴിഞ്ഞ വർഷത്തെ കരാറിൽ നിന്ന് ചില താരങ്ങൾ മുന്നേറിയപ്പോൾ ചില താരങ്ങൾ ബിസിസിഐ കരാറിൽ നിന്ന് തന്നെ പുറത്തായി.
അജിങ്ക്യ രഹാനെ,ഇഷാന്ത് ശർമ,ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ,ഹനുമാ വിഹാരി,വൃദ്ധിമാൻ സാഹ, രാഹുൽ ചാഹർ എന്നിവരാണ് ബിസിസിഐ കരാറിൽ നിന്നും പുറത്ത് പോയത്. കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ എ കാറ്റഗറിയിൽ നിന്നും എ പ്ലസ് കാറ്റഗറിയിലേക്ക് ഉയർന്നു.രോഹിത് ശർമ, വിരാട് കോലി,ജസ്പ്രീത് ബുമ്ര എന്നിവരാണ് ഈ കാറ്റഗറിയിലുള്ള മറ്റ് താരങ്ങൾ. ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ബി കാറ്റഗറിയിൽ നിന്നും എ കാറ്റഗറിയിലേക്ക് ഉയർന്നു. ആർ അശ്വിൻ,മുഹമ്മദ് ഷമി,റിഷഭ് പന്ത് എന്നിവരാണ് ഈ കാറ്റഗറിയിലുള്ള മറ്റ് താരങ്ങൾ.
തുടർച്ചയായി മോശം പ്രകടനം നടത്തിയ കെ എൽ രാഹുലിനാണ് പുതുക്കിയ കരാറിൽ തിരിച്ചടിയുണ്ടായത്. കെ എൽ രാഹുൽ എ കാറ്റഗറിയിൽ നിന്നും ബിയിലേക്ക് തരം താഴ്ത്തപ്പെട്ടു. ശാർദൂൽ ഠാക്കൂർ ബി കാറ്റഗറിയിൽ നിന്നും സി കാറ്റഗറിയിലേക്കും വീണു. അതേസമയം സൂര്യകുമാർ യാദവ്,ശുഭ്മാൻ ഗിൽ എന്നീ താരങ്ങൾ സി കാറ്റഗറിയിൽ നിന്നും ബി കാറ്റഗറിയിലേക്ക് ഉയർന്നു. ഏറ്റവും ഉയർന്ന വിഭാഗമായ എ പ്ലസ് കാറ്റഗറിയ്ക്ക് വർഷം 7 കോടിയും, എ കാറ്റഗറിക്ക് 5 കോടിയും ബി കാറ്റഗറിക്ക് 3 കോടിയും സി കാറ്റഗറിക്ക് ഒരു കോടി രൂപയുമാണ് താരങ്ങൾക്ക് പ്രതിഫലമായി ലഭിക്കുക.