Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷമി അഴിക്കുള്ളിലാകുമോ ?; നിലപാടറിയിച്ച് ബിസിസിഐ - തിരിച്ചടി ഭയന്ന് ടീം ഇന്ത്യ

ഷമി അഴിക്കുള്ളിലാകുമോ ?; നിലപാടറിയിച്ച് ബിസിസിഐ - തിരിച്ചടി ഭയന്ന് ടീം ഇന്ത്യ
മുംബൈ , ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (15:19 IST)
ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ അറസ്‌റ്റ് വാറണ്ടില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടി സ്വീകരിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ‍തിനഞ്ച് ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

വിൻഡീസിനെതിരായ ഇന്ത്യൻ ടെസ്‌റ്റ് ടീമിൽ അംഗമായ ഷമി ഇപ്പോൾ ജമൈക്കയിൽ ടീമിനൊപ്പമാണ്. ടീം അംഗങ്ങള്‍ അടുത്തദിവസം തന്നെ നാട്ടിലേക്ക് മടങ്ങും. ഇതിനു ശേഷം ഷമി നിയമ നടപടികള്‍ക്ക് ഒരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഷമിയുടെ സഹോദരന്‍ ഹസിദ് അഹ്മദിനെതിരേയും വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഗാർഹിക പീഡനം, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഷമിയും വീട്ടുകാരും മർദിച്ചെന്നാരോപിച്ചു കഴിഞ്ഞ വർഷമാണ് ഹസിൻ ജഹാൻ പരാതി കൊടുത്തത്. തുടർന്നു ഷമിക്കും സഹോദരനുമെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഒത്തുതീർപ്പു ശ്രമങ്ങൾക്കിടെ ഷമിക്കെതിരെ കോഴ ആരോപണവും ഹസിൻ ഉന്നയിച്ചു. ഇതിനിടെ ഉത്തർപ്രദേശിലെ അംറോഹയിലെ ഷമിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിന് ഹസിനെ പൊലീസ് അറസ്റ്റ് ചെയ്തതും വാർത്തയായി.

ഭാര്യ നല്‍കിയ കേസ് ഷമിയുടെ ക്രിക്കറ്റ് ഭാവിക്ക് തന്നെ വെല്ലുവിളിയാണ്. ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി എന്നീ ബോളര്‍മാര്‍ ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ പേസ് ത്രയമാണ്. ഇന്ത്യയുടെ ടെസ്‌റ്റ് വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഈ മൂവര്‍ സംഘമാണ്. ഈ സാഹചര്യത്തില്‍ ഷമിക്കെതിരായ കേസ് ടീമിന്റെ വിജയങ്ങള്‍ക്കും താരത്തിന്റെ ഭാവിക്കും തിരിച്ചടിയാകുമെന്ന് വ്യക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി സച്ചിന് പിന്നില്‍; തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ നേട്ടം കുറിച്ച് വിഹാരി