ക്യാപ്‌റ്റന്‍ ‘ഇഴഞ്ഞതല്ല’, രക്ഷിച്ചതാണ്; കോഹ്‌ലിയുടെ ബാറ്റ് ഇങ്ങനെയും റണ്‍ കണ്ടെത്തും!

ശനി, 31 ഓഗസ്റ്റ് 2019 (15:22 IST)
ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ഇറങ്ങിയെങ്കിലും ഇന്ത്യ ഭേദപ്പെട്ടപ്പെട്ട നിലയിലാണ്. കാലാവസ്ഥയും പിച്ചും വെസ്‌റ്റ് ഇന്‍ഡീസിന് അനുകൂലമായി നിന്നപ്പോള്‍ കളി ഇന്ത്യയുടെ വരുതിയിലാക്കിയതില്‍ അതിന് കാരണം വിരാട് കോഹ്‌ലി എന്ന ക്യാപ്‌റ്റനാണ്.

പതിവിന് വിപരീതമായ രീതിയിലാണ് ക്യാപ്‌റ്റന്‍ ബാറ്റ് വീശിയത്. കെഎൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യാ രഹാനെ എന്നിവര്‍ തിളങ്ങാതെ വന്നപ്പോള്‍ മികച്ച ഒരു ഇന്നിംഗ്‌സ് കളിക്കേണ്ടതിന്റെ ആവശ്യകതയറിഞ്ഞുള്ള പ്രകടനമായിരുന്നു അത്.

അർധ സെഞ്ചുറി നേടി മുന്നേറിയ യുവതാരം മായങ്ക് അഗർവാളുമായി 69 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ കോഹ്‌ലിക്കായി. ഒരു ഘട്ടത്തില്‍ പോലും അനാവശ്യ ഷോട്ടിനോ തിടുക്കത്തില്‍ റണ്‍ കണ്ടെത്താനോ വിരാട് ശ്രമിച്ചില്ല. മോശം പന്തുകളെ മാത്രം ശിക്ഷിക്കുകയെന്ന രീതി പുറത്തെടുത്തതോടെ പലപ്പോഴും പ്രതിരോധത്തിലൂന്നി. കിം‌ഗ്‌സറ്റണിലെ പിച്ച് അത്രയ്‌ക്കും പ്രഹരശേഷിയുള്ളതായിരുന്നു. വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ സംരക്ഷകന്റെ റോളിലായിരുന്നു ക്യാപ്‌റ്റന്‍.

രഹാനെയെ കൂട്ടുപിടിച്ച് കോഹ്‌ലി  സ്‌കോര്‍‌ബോര്‍ഡില്‍ ചേര്‍ത്തത് വിലപ്പെട്ട 49 റണ്‍സാണ്. രഹാനെ കൂടാരം കയറിയതിന് പിന്നാലെ വിഹാരിക്കൊപ്പം 38 റണ്‍സും ചേര്‍ത്തു. ജയ്സൻ ഹോൾഡറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജമാർ ഹാമിൽട്ടൻ പിടിച്ച് വിരാട് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 202ല്‍ എത്തിയിരുന്നു.

163 പന്തുകളിൽനിന്ന് 10 ഫോറുകൾ ഉള്‍പ്പെടെ 76 റണ്‍സ് മാത്രമാണ് വിരാട് നേടിയതെങ്കിലും അഗര്‍വാള്‍, വിഹാരി, രഹാനെ എന്നിവര്‍ക്കൊപ്പം ചെര്‍ന്ന് മികച്ച കൂട്ടുക്കെട്ടുകള്‍ സൃഷ്‌ടിക്കാന്‍ അദ്ദേഹത്തിനായി. അതാ‍യത് ഇന്ത്യന്‍ ഇന്നിം‌ഗ്‌സിന്റെ നട്ടെല്ലായി തീര്‍ന്ന പ്രകടനം.

400 റണ്‍സെന്ന ടോട്ടലാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. ഋഷഭ് പന്ത്, വിഹാരി, ജഡേജ എന്നിവര്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ മികച്ച നിലയിലെത്തും ടീം. ബോളിംഗിന് അനുകൂലമായ പിച്ചില്‍ ജസ്പ്രിത് ബുമ്രയും ഇഷാന്ത് ശര്‍മ്മയും നയിക്കുന്ന ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് പിന്ന കാര്യങ്ങള്‍ എളുപ്പമാകും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മെസിയില്ലാതെ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് കളിക്കുമോ ?; റിപ്പോര്‍ട്ട് പുറത്തുവിട്ട് അധികൃതര്‍