ഏകദിനക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. അപ്രതീക്ഷിതമായാണ് താരം തൻ്റെ വിരമിക്കൽ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. ചൊവ്വാഴ്ച തൻ്റെ ഹോം ഗ്രൗണ്ടായ ഡർഹമിൽ നടക്കുന്ന മത്സരത്തോടെ ഇംഗ്ലണ്ട് ജേഴ്സിയിലുള്ള തൻ്റെ ഏകദിന കരിയർ അവസാനിപ്പിക്കുന്നതായാണ് താരം വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിനായി കളിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഈ തീരുമാനം എന്നെ സംബന്ധിച്ച് പ്രയാസകരമായിരുന്നു. എന്നാൽ എനിക്ക് എൻ്റെ 100 ശതമാനം ടീമിനായി നൽകാനാവുന്നില്ല എന്നതിനോളം വിഷമകരമല്ല അത്. 3 ഫോർമാറ്റിലും ക്രിക്കറ്റ് കളിക്കുക എന്നത് എനിക്ക് ഇപ്പോൾ അസാധ്യമായിരിക്കുന്നു.
എന്നിൽ നിന്നുമുള്ള പ്രതീക്ഷകളുടെ ഭാരവും കൂടുതൽ തിരക്കുള്ള ഷെഡ്യൂളുകളും മാത്രമല്ല, ശരീരവും എൻ്റെ 100 ശതമാനം തരുന്നതിൽ നിന്നും തടയുന്നു. അത് മാത്രമല്ല മറ്റൊരാളുടെ അവസരം ഞാൻ നഷ്ടപ്പെടുത്തുന്നു എന്ന തോന്നലും തീരുമാനത്തിന് പിന്നിലുണ്ട്. ടീമിന് വേണ്ടി എല്ലാം നൽകാനാകുന്ന ഒരാളുടെ അവസരം ഞാൻ നഷ്ടപ്പെടുത്തുന്നു. ഞാൻ കഴിഞ്ഞ 11 വർഷം ക്രിക്കറ്ററെന്ന നിലയിൽ സ്വന്തമാക്കിയ പോലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ മറ്റൊരാൾ എത്തിചേരേണ്ട സമയമാണിത്.
ഞാനെൻ്റെ എല്ലാം ടെസ്റ്റ് ക്രിക്കറ്റിന് നൽകും. ടി20 ക്രിക്കറ്റിലും എൻ്റെ മുഴുവൻ കമ്മിറ്റ്മെൻ്റുകളോട് കൂടി കളിക്കാനാകുമെന്ന് ഞാൻ കരുതുന്നു. ജോസ് ബട്ട്‌ലർ,മാത്യൂ പോട്ട്,മറ്റ് കളിക്കാർ,സപ്പോർട്ട് സ്റ്റാഫ് എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു. കഴിഞ്ഞ 7 വർഷക്കാലമായി നമ്മൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾക്കായിട്ടുണ്ട്. നമ്മുടെ ഭാവിയും ശോഭനമെന്ന് ഞാൻ കരുതുന്നു.
104 ഏകദിന മത്സരങ്ങൾ ഇതുവരെ ഇംഗ്ലണ്ടിനായി കളിക്കാാൻ എനിക്ക് സാധിച്ചു. അവസാന മത്സരം എൻ്റെ ഹോം ഗ്രൗണ്ടിൽ കളിക്കാനാവുന്നത് എനിക്ക് വലിയ ആഹ്ളാദം നൽകുന്നു. ഇംഗ്ലണ്ട് ആരാധകർ എല്ലായിപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഇനിയും എൻ്റെ കൂടെയുണ്ടാകും. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച ആരാധകർ. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന മത്സരം വിജയിച്ച് പരമ്പരയിൽ മികച്ച പ്രകടനം നടത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ബെൻ സ്റ്റോക്സ് കുറിച്ചു.