ഇന്ത്യാ വിൻഡീസ് ഏകദിന പരമ്പര നാളെ ചെന്നൈയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തലവേദനയായി പരിക്ക്. ജസ്പ്രീത് ബൂമ്രയുടെ അഭാവത്തിൽ മത്സരിക്കാനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാവുന്നത് ഇന്ത്യൻ പേസറായ ഭുവനേശ്വർ കുമാറിന്റെ പരിക്കാണ്. വിൻഡീസിനെതിരെ നടന്ന ടി20 മത്സരത്തിനിടയിലാണ് ഭുവനേശ്വറിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ഭുവനേശ്വറിനെ ടീമിൽ നിന്നും ഒഴിവാക്കി.
പരിക്കേറ്റ ഭുവനേശ്വറിന് പകരം മുംബൈ പേസറായ ഷാർദൂൽ താക്കൂറിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിക്കിന്റെ സ്വഭാവം വ്യക്തമല്ലെങ്കിലും ലോകകപ്പിനിടെ ഏറ്റ പരിക്കിന്റെ പരിക്കിന്റെ തുടർച്ചയെന്നാണ് സൂചന. ഭുവിയുടെ പരിക്കിനെ ടീം ഫിസിയോ വിലയിരുത്തിയ ശേഷമെ വിശദാംശങ്ങൾ പുറത്തുവിടാനാകുമെന്നാണ് ബി സി സി ഐ വ്രുത്തങ്ങൾ പറയുന്നത്.
നേരത്തെ പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും പരമ്പരകൾ നഷ്ടമായ ഭുവി വിൻഡീസിനെതിരായ ടി20 പരമ്പരയിലാണ് ടീമിൽ തിരിച്ചെത്തിയത്. അവസാന ടി20 മത്സരത്തിൽ ഇന്ത്യക്കായി ഭുവി ബൗളിങ്ങിൽ തിളങ്ങുകയും ചെയ്തു. മത്സരത്തിലെ പൊള്ളാർഡിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയതും ഭുവിയായിരുന്നു.