ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ദയനീയമായ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്‌കോര്‍ 200ന് മുകളില്‍ ഉയരാതിരിക്കാന്‍ കാരണമായത് ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവര്‍ കാരണമായിരുന്നു. മികച്ച രീതിയില്‍ സ്‌കോറിംഗുമായി മുന്നോട്ട് പോകുകയായിരുന്ന ഗുജറാത്തിന്റെ നാല് വിക്കറ്റുകളാണ് അവസാന ഓവറില്‍ ഭുവി പിഴുതെറിഞ്ഞത്. വിട്ടുകൊടുത്തതാകട്ടെ ഒരു റണ്‍സ് മാത്രവും. ഇതോടെ മത്സരത്തില്‍ 5 വിക്കറ്റ് നേട്ടവും ഭുവി സ്വന്തമാക്കി.
ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരം മാത്രമാണ് ഭുവനേശ്വര്‍ കുമാര്‍. ജെയിംസ് ഫോക്‌നര്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ മാത്രമാണ് ഈ നേട്ടം ഇതിന് മുന്‍പ് സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. ഐപിഎല്ലില്‍ ഹൈദരാബാദ് താരത്തിന്റെ മൂന്നാമത്തെ മികച്ച പ്രകടനമാണിത്. 2017ല്‍ പഞ്ചാബിനെതിരെ 19 റണ്‍സിന് 5 വിക്കറ്റ് നേടിയ ഭുവിയുടെ പ്രകടനമാണ് ലിസ്റ്റില്‍ ഒന്നാമത്. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 25 റണ്‍സിന് 5 വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്‍ മാലിക്കിന്റെ പ്രകടനമാണ് രണ്ടാം സ്ഥാനത്ത്.
അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍. വൃദ്ധിമാന്‍ സാഹ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍,റാഷിദ് ഖാന്‍, മുഹമ്മദ് ഷമി എന്നിവരെയാണ് ഭുവി പുറത്താക്കിയത്. കൂടാതെ ഗുജറാത്ത് ടൈറ്റന്‍സ് താരം നൂര്‍ അഹമ്മദിനെ റണ്ണൗട്ടാക്കുകയും ചെയ്തു. ഭുവിയുടെ മികച്ച പ്രകടനത്തോടെ ഫിനിഷിംഗില്‍ പിഴച്ച ഗുജറാത്ത് 188 റണ്‍സാണ് നേടിയത്. 12 ഓവറില്‍ 131 റണ്‍സിന് 1 എന്ന നിലയില്‍ നിന്നാണ് ടീം തകര്‍ന്നടിഞ്ഞത്.