ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ജീവൻമരണപോരാട്ടം. ലീഗിലെ അവസാനസ്ഥാനക്കാരായ ഹൈദരാബാദാണ് രാജസ്ഥാൻ്റെ എതിരാളികൾ. സീസൺ മികച്ച രീതിയിൽ തുടങ്ങാനായെങ്കിലും അവസാന അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ രാജസ്ഥാൻ്റെ ടൂർണമെൻ്റിലെ സാധ്യതകളെ അത് ദോഷകരമായി ബാധിക്കും.
നിലവിൽ പോയൻ്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് രാജസ്ഥാൻ. എന്നാൽ പോയൻ്റ് പട്ടികയിൽ അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള ബാംഗ്ലൂർ,മുംബൈ,പഞ്ചാബ് ടീമുകൾക്കും രാജസ്ഥാനും 10 പോയൻ്റ് വീതമാണുള്ളത്. റൺറേറ്റിൻ്റ്എ ബലത്തിലാണ് രാജസ്ഥാൻ പോയൻ്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. അതിനാൽ തന്നെ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിൽ രാജസ്ഥാന് വിജയിക്കേണ്ടതുണ്ട്.
ബാറ്റിംഗിൽ ജോസ് ബട്ട്‌ലറും സഞ്ജു സാംസണും തുടർച്ചയായി നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാൻ്റെ പ്രധാന ദൗർബല്യം. നിരന്തരം മോശം പ്രകടനം നടത്തുന്ന റിയാൻ പരാഗിന് തുടർച്ചയായി അവസരങ്ങൾ നൽകുന്നതടക്കം മോശം തീരുമാനങ്ങളാണ് രാജസ്ഥാൻ എടുക്കുന്നത്. മധ്യനിരയിൽ ഹെറ്റ്മെയർ കൂടി പരാജയപ്പെടുമ്പോൾ ജോ റൂട്ടിനെ ടീം പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ നിർണായക മത്സരത്തിൽ നിലവിലെ ടീമിൽ മാറ്റങ്ങൾ വരുത്താൻ രാജസ്ഥാൻ തയ്യാറായേക്കില്ല. 10 കളികളിൽ 10 പോയൻ്റാണ് നിലവിൽ രാജസ്ഥാനുള്ളത്.
അതേസമയം മായങ്ക് അഗർവാൾ,രാഹുൽ ത്രിപാത്തി,ഹാരി ബ്രൂക്ക് എന്നിങ്ങനെ ബാറ്റിംഗ് താരങ്ങളുടെ മോശം പ്രകടനമാണ് ഹൈദരാബാദിന് തിരിച്ചടിയാകുന്നത്. നായകൻ എയ്ഡൻ മാർക്രം, ഹെൻ്റിച്ച് ക്ലാസൻ എന്നിവർ മാത്രമാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയിൽ എന്തെങ്കിലും ചെയ്യുന്നത്. ഭുവനേശ്വർ കുമാറിൻ്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും ബാറ്റർമാർ അമ്പെ നിറം മങ്ങിയതാണ് ഹൈദരാബാദിനെ വലയ്ക്കുന്നത്.