ബ്ലൈൻഡ് ട്വന്‍റി20 ലോകകപ്പ്: ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യ ഫൈനലില്‍
ബ്ലൈന്‍ഡ് ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍
കാഴ്ചപരിമിതരുടെ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ശനിയാഴ്ച നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്ഥാന്‍ രണ്ടാം സെമിയിലെ വിജയിയെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക. ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഫൈനല്‍.
ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 174 റണ്‍സാണ് എടുത്തത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതിമൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം മറികടക്കുകയായിരുന്നു. അജയ് കുമാറും ജെ.പ്രകാശും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയമൊരുക്കിയത്. ജെ.പ്രകാശ് 52 പന്തിൽനിന്ന് 115 റണ്‍സ് നേടി. അജയ് കുമാർ 51 റണ്‍സുമായി പുറത്താകാതെനിന്നു.