ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യമത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിനായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. മുംബൈ അനായായം ജയിക്കുമെന്ന് കരുതിയ മത്സരം പക്ഷേ കൈവിടുകയായിരുന്നു. ഒരു ഘട്ടത്തിൽ നാലിന് 24 എന്ന നിലയിലായിരുന്ന ചെന്നൈയെ റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ പ്രകടനമാണ് മത്സരത്തിൽ തിരികെയെത്തിച്ചത്.
ഇപ്പോഴിതാ അനായാസമായി ജയിക്കേണ്ടിയിരുന്ന മത്സരം മുംബൈ കൈവിട്ടതിന് കാരണം മുംബൈ നായകനായി ഇറങ്ങിയ കിറോൺ പൊള്ളാർഡിന്റെ മോശം ക്യാപ്‌റ്റൻസിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വിൻഡീസ് ഇതിഹാസ താരമായ ബ്രയാൻ ലാറ.ക്യാപ്‌റ്റനെന്ന നിലയിൽ ടീമിന് ആത്മവിശ്വാസം നൽകുന്നതിൽ പൊള്ളാർഡ് പരാജയപ്പെട്ടതായി ലാറ പറഞ്ഞു.
മത്സരത്തിൽ ബൗളർമാരെ ഉപയോഗിച്ച രീതിയേയും ലാറ വിമർശിച്ചു. രണ്ട് സ്പിന്നര്‍മാര്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ അവരെ എവിടെ ഉപയോഗിക്കണമെന്ന് ക്യാപ്റ്റന് അത്ര നിശ്ചയമുണ്ടായിരുന്നില്ല. അല്‍പം തല ഉപയോഗിച്ചിരുന്നെങ്കില്‍ ചെന്നൈ ഒരിക്കലും 156 റണ്‍സ് നേടില്ലായിരുന്നുവെന്നും ലാറ പറഞ്ഞു. അതേസമയം ഇന്നലെ നേടിയ വിജയത്തോടെ ചെന്നൈ 12 പോയന്റ് നേടി പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഡല്‍ഹി കാപിറ്റല്‍സിനും ഇത്രതന്നെ പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ ചെന്നൈയാണ് മുന്നില്‍.