ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്നും ഇതിഹാസ താരമായ ബ്രയന്‍ ലാറയെ ഒഴിവാക്കി. ന്യൂസിലന്‍ഡ് മുന്‍താരമായ ഡാനിയല്‍ വെട്ടേറിയാണ് ഫ്രാഞ്ചൈസിയുടെ പുതിയ പരിശീലകന്‍. 2014 മുതല്‍ 2018 വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരിശീലകനായി വെട്ടോറി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016ന് ശേഷം ഐപിഎല്‍ കിരീടം നേടാനാവത്ത ഹൈദരാബാദ് കഴിഞ്ഞ 6 സീസണുകളിലായി 4 പേരെയാണ് പരിശീലകരായി പരീക്ഷിച്ചത്. 2019, 2022 കാലത്ത് ടോം മൂഡിയും 2020,2021 സമയത്ത് ട്രെവര്‍ ബെയ്‌ലിസുമായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. 2023ലാണ് ബ്രയന്‍ ലാറ ടീമിനെ പരിശീലിപ്പിച്ചത്. എന്നാല്‍ ആ സീസണില്‍ ലീഗില്‍ അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് ഫിനിഷ് ചെയ്തത്.
അതേസമയം ദ ഹണ്ട്രഡ് ലീഗില്‍ ബിര്‍മിംഗ്ഹാം ഫീനിക്‌സിന്റെ കോച്ചായ വെറ്റോറി 2022 മെയ് മുതല്‍ ഓസീസ് ടീമിന്റെ സഹപരിശീലകന്‍ കൂടിയാണ്. ഐപിഎല്ലില്‍ ആര്‍സിബിയെ കിരീടനേട്ടത്തീലെത്തിക്കാനായില്ലെങ്കിലും ഡാനിയേല്‍ വെറ്റോറി ടീം പരിശീലകനായ സമയത്ത് 2016ല്‍ ഐപിഎല്‍ ഫൈനലിലെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. ഐപിഎല്ലില്‍ 2021 മുതല്‍ മോശം പ്രകടനമാണ് ഹൈദരാബാദ് നടത്തുന്നത്. കഴിഞ്ഞ 29 മത്സരങ്ങളില്‍ 13 എണ്ണം മാത്രമാണ് ഹൈദരാബാദ് വിജയിച്ചിട്ടുള്ളത്. ഇതില്‍ നിന്നും മാറ്റം വരുത്താന്‍ വെറ്റോറിക്ക് സാധിക്കുമോ എന്നതാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്.