ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനാറാം സീസണിൻ്റെ തുടക്കം റോയലായി ആഘോഷിച്ചിരിക്കുകയാണ് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ്. കളിക്കാരനെന്ന നിലയിൽ മാത്രമല്ല നായകനെന്ന നിലയിലും ഏറെ മെച്ചപ്പെട്ട സഞ്ജു സാംസണെയാണ് ഇന്നലെ കാണാനായത്. നായകനെന്ന അധിക ഉത്തരവാദിത്വം സഞ്ജുവിൻ്റെ ബാറ്റിംഗിന് കൂടുതൽ കരുത്ത് നൽകിയിട്ടെയുള്ളുവെന്ന് താരം ഇന്നലെ വീണ്ടും തെളിയിച്ചു. ഇതോടെ താരത്തിൻ്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ.
ബൗളർമാരെ കൃത്യമായി ഉപയോഗിക്കാനും കൃത്യമായ ഫീൽഡ് പ്ലേസ്മെൻ്റുകളിലൂടെ റണ്ണൊഴുക്കും തടയാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ഇന്നലെ ട്രെൻഡ് ബോൾട്ടിനൊപ്പം മലയാളി പേസർ കെ എം ആസിഫിനെ പരിഗണിച്ചത് സഞ്ജുവിൻ്റെ തീരുമാനമായിരുന്നു. മൂന്നോവറിൽ വെറും 15 റൺസ് മാത്രമാണ് ആസിഫ് വിട്ടുകൊടുത്തത്. ആർ അശ്വിനെയും ചാഹലിനെയും കൃത്യമായി ഉപയോഗിക്കാനും സഞ്ജുവിന് കഴിയുന്നു. ഇതിൽ സഞ്ജുവിൻ്റെ കീഴിലെ ചാഹലിൻ്റെ പ്രകടനത്തെ ആരാധകർ എടുത്തുപറയുന്നു.
2020 മുതൽ ഐപിഎല്ലിൽ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് സഞ്ജുവിൻ്റെ പേരിലാണ്. 2021 സീസൺ മുതൽ നായകനായ സഞ്ജുവിനെ ക്യാപ്റ്റൻസി ബാധിക്കുന്നില്ലെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. 150 സ്ട്രൈക്ക്റേറ്റിലാണ് താരത്തിൻ്റെ പ്രകടനം. സ്പിന്നർമാർക്കെതിരെയും മികച്ച റെക്കോർഡാണ് താരത്തിനുള്ളത്.