Champions Trophy 2025: ചാംപ്യന്‍സ് ട്രോഫി സെമി കാണാതെ ഇംഗ്ലണ്ട് പുറത്ത്; അഫ്ഗാനിസ്ഥാനു വേണമെന്നു വെച്ചാല്‍ ഓസ്‌ട്രേലിയയ്ക്കും പണി കൊടുക്കാം !
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരം
Champions Trophy 2025: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ കാണാതെ കരുത്തരായ ഇംഗ്ലണ്ട് പുറത്ത്. ഗ്രൂപ്പ് 'ബി'യില്‍ അഫ്ഗാനിസ്ഥാനോടു തോല്‍വി വഴങ്ങിയതാണു ഇംഗ്ലണ്ടിനു തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ട് തോറ്റു.
ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരം. ഇതില്‍ ജയിച്ചാലും ഇനി സെമി കാണാന്‍ സാധിക്കില്ല. അവസാനം വരെ വാശിയേറിയ മത്സരത്തില്‍ എട്ട് റണ്‍സിനാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 317 നു ഓള്‍ഔട്ട് ആയി.
മൂന്ന് വീതം പോയിന്റുകളുള്ള ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഗ്രൂപ്പ് 'എ'യില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. രണ്ട് പോയിന്റോടെ അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ശേഷിക്കുന്ന മത്സരം. ഇതില്‍ ജയിച്ചാല്‍ അഫ്ഗാനിസ്ഥാനു സെമിയില്‍ എത്താനും ഓസ്‌ട്രേലിയയെ സെമി കാണാതെ പുറത്താക്കാനും സാധിക്കും.