കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യ രാജ്യന്തര ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി കഴിഞ്ഞു. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഏറെ നിർണായകമാണ് നാല് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര. യുവനിരയുടെ കരുത്തിൽ ഗാബ്ബയിൽ ചരിത്രം തിരുത്തിക്കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയിരിയ്ക്കുന്നത് എങ്കിൽ, ശ്രീലങ്കയിൽ രണ്ട് ടെസ്റ്റുകളടങ്ങുന്ന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസം ഇംഗ്ലണ്ടിനുണ്ട്. ഇപ്പോഴിതാ പരമ്പരയിൽ തങ്ങൾ ഏറെ വിലമതിയ്ക്കുന്ന വിക്കറ്റ് ഏത് എന്ന് തുറന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്.
ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാരയുടെ വിക്കറ്റാണ് എറെ നിർണായകം എന്ന് ജോ റൂട്ട് നിസംശയം പറയുന്നു. 'വളരെ മികച്ച ബാറ്റ്സ്‌മാനാണ് പൂജാര. അദ്ദേഹത്തിന്റെ വിക്കറ്റ് മത്സരത്തിൽ നിർണായകമായി മാറും. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ആ വിക്കറ്റിന് ഏറെ വിലയുണ്ട്. പൂജാരയുടെ വിക്കറ്റെടുക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.' ജോ റൂട്ട് പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പൂജാരയുടെ പ്രതിരോധത്തിന്റെ കരുത്ത് ലോകം കണ്ടതാണ്. ഓസീസ് ബൗളർമാരിൽനിന്നും ശരീരത്തിന്റെ പല ഭഗത്ത് ഏറുകൊണ്ട് പരിക്കേറ്റിട്ടും വേദന സഹിച്ച് പൂജാര ഇന്ത്യയ്ക്കായി അർധ സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഇത് ഇന്ത്യയുടെ വിജയത്തിൽ നിർണായകാമായി മാറുകയും ചെയ്തു.