ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വിലപ്പിടിപ്പുള്ള താരമായി ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസ്. ചെന്നൈയിൽ നടന്ന ഐപിഎൽ താരലേലത്തിൽ 16.25 കോടിക്ക് രാജസ്ഥാൻ റോയൽസാണ് താരത്തെ സ്വന്തമാക്കിയത്. വെറും 75 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളും രംഗത്തുണ്ടായിരുന്നു.
അതേസമയം 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയിൻ അലിയെ 7 കോടി രൂപയ്‌ക്ക് ചെന്നൈ സൂപ്പർകിംഗ്‌സ് സ്വന്തമാക്കി.ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കിബ് അൽ ഹസനെ 3.20 കോടി രൂപയ്ക്ക് കൊൽക്കത്തയും ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബയെ 4.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി.
എന്നാൽ ടി20 ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ ഡേവിഡ് മലാന് അടിസ്ഥാന വിലയായ 1.5 കോടി രൂപ മാത്രമാണ് ലഭിച്ചത്,പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയത്. മറ്റൊരു സൂപ്പർ താരമായ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ 2.2 കോടി രൂപ മാത്രമാണ് ലഭിച്ചത്.ഡൽഹി ക്യാപിറ്റൽസാണ് താരത്തെ സ്വന്തമാക്കിയത്.