ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നതായി ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ. വിരാട് കോലി നയിക്കുന്ന ടീമിന്റെ ഭാഗമാവുക എന്നത് വലിയ കാര്യമാണ്. ഒപ്പം എ ബി ഡിവില്ലിയേഴ്സിനെ പോലെയൊരു താരം ടീമിലുണ്ടെന്നതും ആര്‍സിബിയോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്‌സ്‌വെൽ പറഞ്ഞു.
കഴിഞ്ഞ സീസണിൽ പഞ്ചാബ് സൂപ്പർ കിംഗ്‌സിന് വേണ്ടി ഇറങ്ങിയ മാക്‌സ്‌വെൽ തീർത്തും നിറം മങ്ങിയ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്‌ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മാക്‌സിക്ക് 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. അതേസമയം വരുന്ന വ്യാഴാഴ്‌ച്ചയാണ് ഐപിഎൽ താരലേലം. രണ്ട് കോടി രൂപയാണ് മാക്‌സ്‌വെല്ലിന്‍റെ അടിസ്ഥാനവില. സ്റ്റീവ് സ്‌മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിംഗ്‌സ്, ജേസന്‍ റോയ് എന്നിങ്ങനെ പ്രമുഖ താരങ്ങൾ ഇത്തവണ ലേലത്തിനുണ്ട്.