ടീമില്‍ പൊട്ടിത്തെറി; കരുണ്‍ നായരും മുരളി വിജയും ക്രൂശിക്കപ്പെടുമോ ? - യോഗം വിളിച്ച് ബിസിസിഐ
ടീമില്‍ പൊട്ടിത്തെറി; കരുണ്‍ നായരും മുരളി വിജയും ക്രൂശിക്കപ്പെടുമോ ? - യോഗം വിളിച്ച് ബിസിസിഐ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി, സെലക്‍ടര്‍മാരും താരങ്ങളും തമ്മിലുള്ള ആശയ ഭിന്നതയാണ് ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുന്നത്.
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, മുരളി വിജയ്, മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ എന്നിവരെ അറിയിച്ചിരുന്നുവെന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിന്റെ വിശദീകരണമാണ് വിവാദങ്ങള്‍ക്ക് കാരണം.
പരമ്പരയില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പ്രസാദ് അറിയിച്ചില്ലെന്ന് താരങ്ങള്‍ പരസ്യ പ്രസ്‌താവന നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആവശ്യമായ ചര്‍ച്ചകള്‍ ഇല്ലാതെയാണ് ടീം സെലക്ഷന്‍ നടക്കുന്നതെന്ന പ്രചാരണവും ഇതോടെ ശക്തമായി.
വിവാദം ടീമിനെ നാണക്കേടിലേക്ക് എത്തിക്കുമെന്നുറപ്പായ സാഹചര്യത്തില്‍ പരിശീലകന്‍ രവി ശാസ്‌ത്രിയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും പങ്കെടുക്കുന്ന യോഗം വിളിക്കാന്‍ ബിസിസിഐ ഭരണ സമിതി തീരുമാനിച്ചു.
അതേസമയം, വിഷയത്തില്‍ കരുണ്‍ നായര്‍ മുരളി വിജയ് എന്നിവരെ ‘ക്രൂശിക്കാ’നാണ് ബിസിസിഐ നീക്കം നടത്തുന്നത്. ബോര്‍ഡുമായി കരാറിലുള്ള കളിക്കാന്‍ പുലര്‍ത്തേണ്ട അച്ചടക്ക നടപടികള്‍ ഇരുവരും ലംഘിച്ചു. ഒരു പരമ്പര തീര്‍ന്നു 30 ദിവസത്തിനു ശേഷമേ അതിനെക്കുറിച്ചു മാധ്യമങ്ങളോടു താരങ്ങള്‍ സംസാരിക്കാന്‍ പാടുള്ളുവെന്നു നിര്‍ദേശം താരങ്ങള്‍ അവഗണിച്ചുവെന്നുമാണ് ബിസിസിഐ ചൂണ്ടിക്കാട്ടുന്നത്.