2016ൽ ഇംഗ്ലണ്ട് ബോളർമാരെ അടിച്ചു പഞ്ചറാക്കി 303 റൺസോടെ പുറത്താകാതെ നിന്ന കരുണിന് പക്ഷേ പിന്നീട് ഭാഗ്യം തുണച്ചില്ല. പിന്നീടുള്ള രണ്ടു വർഷങ്ങൾക്കിടെ ഇന്ത്യയ്ക്കു വേണ്ടി അദ്ദേഹം കളിച്ചത് നാലു ടെസ്റ്റുകൾ മാത്രം.
ഇംഗ്ലണ്ടിൽ കരുണിനെ തുണയ്ക്കാതിരുന്ന ഭാഗ്യം ഇപ്പോൾ താരത്തെ പൂർണമായും കൈവിട്ടിരിക്കുകയാണ്. വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിഹാരിയും പന്തും തുടർന്നും സ്ഥാനം നിലനിർത്തിയപ്പോൾ സിലക്ടർമാർ കരുണിനെ ഒഴിവാക്കിയതിൽ ആരാധകർ പ്രതിഷേധം അറിയിച്ചിരുന്നു.
ഇപ്പോഴിതാ, കരുണിനെ കൈവിട്ട് വിരാട് കോഹ്ലിയും. ‘തന്റെ പണി ടീം സിലക്‌ഷൻ അല്ല’ എന്നാണു കരുണിനെ തഴഞ്ഞതിനെപ്പറ്റിയുള്ള ചോദ്യത്തോടുള്ള കോഹ്‌ലിയുടെ പ്രതികരണം.
മോശം പ്രകടനത്തിന്റെ പേരിലല്ല കരുണിനെ പുറത്താക്കിയിരിക്കുന്നതെന്നും കരുണിന് തിളങ്ങാൻ സിലക്ടർമാർ അവസരമൊരുക്കിയില്ല എന്നുമാണു ഹർഭജൻ സിങും രോഹൻ ഗാവസ്കറും ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങളുടെ വാദം.