തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !
സിപിഎമ്മിനു ശക്തമായ സ്വാധീനമുള്ള തൃശൂർ ജില്ലയിലെ സീറ്റുകളിൽ ധാരണയായിട്ടുണ്ട്
Publish Date: Fri, 06 Mar 2026 (09:58 IST)
Updated Date: Fri, 06 Mar 2026 (10:03 IST)
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്കു സിപിഎം. 70 സീറ്റുകളിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയതായാണ് വിവരം. കഴിഞ്ഞ തവണ 81 സീറ്റുകളിലാണ് സിപിഎം മത്സരിച്ചത്.
സിപിഎമ്മിനു ശക്തമായ സ്വാധീനമുള്ള തൃശൂർ ജില്ലയിലെ സീറ്റുകളിൽ ധാരണയായിട്ടുണ്ട്. മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് മണലൂരിൽ ജനവിധി തേടും. കോൺഗ്രസിനായി ടി.എൻ.പ്രതാപൻ കൂടി എത്തുമ്പോൾ ജില്ലയിലെ ഹെവി ക്ലാഷ് പോരാട്ടമായിരിക്കും മണലൂരിൽ നടക്കുക. സിപിഎം ശക്തികേന്ദ്രമാണ് മണലൂർ മണ്ഡലം. 2016 ലും 2021 ലും മുരളി പെരുനെല്ലിയാണ് സിപിഎം സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ചത്. രണ്ട് ടേം പൂർത്തിയാക്കിയ മുരളി പെരുനെല്ലി മാറുന്നതോടെയാണ് രവീന്ദ്രനാഥ് മാസ്റ്ററുടെ വരവ്.
കഴിഞ്ഞ തവണ 28,000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണലൂരിൽ എൽഡിഎഫ് ജയിച്ചത്. മുൻപ് കോൺഗ്രസിനു സ്വാധീനമുണ്ടായിരുന്ന മണ്ഡലം ആയിരുന്നെങ്കിലും ഇപ്പോൾ എൽഡിഎഫിനാണ് ആധിപത്യം. രവീന്ദ്രനാഥിന്റെ ജനകീയതയിൽ മികച്ച വിജയം നേടാമെന്നാണ് മണലൂരിൽ സിപിഎം പ്രതീക്ഷിക്കുന്നത്. പുതുക്കാട് എംഎൽഎ, വിദ്യാഭ്യാസമന്ത്രി എന്നീ നിലകളിലെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട് രവീന്ദ്രനാഥ്.
മറ്റൊരു ശക്തികേന്ദ്രമായ കുന്നംകുളത്ത് എ.സി.മൊയ്തീൻ വീണ്ടും ജനവിധി തേടും. ഇരിങ്ങാലക്കുടയിൽ ആർ.ബിന്ദു തന്നെ. പുതുക്കാട് കെ.കെ.രാമചന്ദ്രൻ, വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പിള്ളി, ചേലക്കര യു.ആർ.പ്രദീപ്, ഗുരുവായൂർ എൻ.കെ.അക്ബർ എന്നിവർ സിപിഎമ്മിനായി മത്സരിക്കും.