ബാറ്റ്സ്മാന്മാരുടെ പറുദീസയായ ഐപിഎൽ മത്സരങ്ങളിലെ ആദ്യദിനങ്ങളിലെ ചർച്ചകൾ കെഎൽ രാഹുലിനും ജോസ് ബട്ട്‌ലറിനോടും ചുറ്റിപറ്റിയാണ് നിലനിന്നിരുന്നതെങ്കിൽ തന്റെ വേഗതയിലൂടെയും കൃത്യതയിലൂടെയും ഈ ഐപിഎല്ലിലെ കണ്ടെത്തലായി മാറിയിരിക്കുകയാണ് ഹൈദരാബാദിന്റെ ഉമ്രാൻ മാലിക്.
വേഗതയ്ക്കൊപ്പം കൃത്യമാർന്ന ലൈനും ലെങ്‌ത്തും ഒപ്പം മൂർച്ചയുള്ള യോർക്കറുകളും ചേർന്നപ്പോൾ താരത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന ചിന്തയിലാണ് സൂപ്പർ ബാറ്റ്സ്മാന്മാരെല്ലാം തന്നെ. ഇന്നലെ താരം ഗുജറാത്തിനെതിരെ നേടിയ അഞ്ച് വിക്കറ്റുകളില്‍ നാലും ബൗള്‍ഡായിരുന്നു. ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരെയാണ് താരം ഉമ്രാന്‍ ബൗള്‍ഡാക്കിയത്. ഇതില്‍ സാഹയെ പുറത്താക്കിയ യോര്‍ക്കറിന്റെ വേഗം മണിക്കൂറില്‍ 153 കിലോമീറ്ററിനടുത്തും.
ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉമ്രാനായിരിക്കുമെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വിക്രാന്ത് ഗുപ്ത മത്സരശേഷം അഭിപ്രായപ്പെട്ടത്.ഉമ്രാന്റെ വരവാണ് ഈ ഐപിഎല്ലിന്റെ സവിശേഷതയെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ കുറിച്ചിട്ടു. രാഷ്ട്രീയ രംഗത്ത് നിന്നും മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും കോൺഗ്രസ് നേതാവ് ശശി തരൂരും ഉമ്രാനെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം വേഗത മാത്രം കൈമുതലായുണ്ടായിരുന്ന ഉമ്രാൻ ഇന്ന് കാണുന്ന സർജിക്കൽ കൃത്യതയിൽ പന്തെറിയുന്നതിലേക്ക് എത്തിച്ചതിൽ മുൻ പേസ് ഗൺ ആയ ഡേയ്‌ൽ സ്റ്റൈന്റെ സ്വാധീനം വ്യക്തമാണ്. സ്റ്റൈനിനോളം പേസിനൊപ്പം എങ്ങനെ കൃത്യതയും സംയോജിപ്പിക്കാം എന്നറിയുന്നവർ ലോക ക്രിക്കറ്റിൽ തന്നെ വിരളമാണ്. അതിനാൽ ഒന്നുറപ്പാണ് ഒന്ന് നനഞ്ഞാൽ കെട്ടുപോകുന്ന തീകണലല്ല. തീക്കട്ടയാണ് ഉമ്രാൻ മാലിക്.