ധോണി വിരമിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയാന്‍ വരട്ടെ; ഫലം കനത്തതാകും, കോഹ്‌ലിക്ക് നിര്‍ണായകം
ധോണി വിരമിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയാന്‍ വരട്ടെ; ഫലം കനത്തതാകും, കോഹ്‌ലിക്ക് നിര്‍ണായകം
ഇന്ത്യന്‍ ടീമിന്റെ ഇന്നത്തെ പ്രതാപത്തിനു കാരണം ആരാണെന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ടീമിന് കരുത്തും ഊര്‍ജവും പകര്‍ന്നു നല്‍കിയ സൌരവ് ഗാംഗുലിയും ആ വീര്യം പ്രാവര്‍ത്തികമാക്കിയ മഹേന്ദ്ര സിംഗ് ധോണിയുമാണ് വിരാട് കോഹ്‌ലിക്ക് അതിശക്തമായ ഒരു ടീമിനെ നല്‍കിയത്.
അടിക്ക് തിരിച്ചടിയെന്ന നയം സ്വീകരിച്ചയാളാണ് ഗാംഗുലിയെങ്കില്‍ ഗ്രൌണ്ടില്‍ ഒരു ‘സൈലന്റ് കില്ല’റായിരുന്നു ധോണി. ദാദയുടെ വൈകാരികതയോ കര്‍ക്കശ്യമോ കാണാന്‍ കഴിയില്ലെങ്കിലും എന്താണോ താന്‍ ലക്ഷ്യമാക്കുന്നത് അത് നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകുന്നതായിരുന്നു മഹിയുടെ രീതി.
രണ്ട് ലോകകപ്പും ഒരു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയിലെത്തിച്ച ധോണിയുടെ നിലയിന്ന് പരുങ്ങലിലാണ്. നായകസ്ഥാനം കോഹ്‌ലിക്ക് കൈമാറിയതും ടെസ്‌റ്റില്‍ നിന്ന് വിരമിച്ചതും അപ്രതീക്ഷിത തീരുമാനമായിരുന്നു.
2019 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ധോണി കളിക്കുമെന്ന് വ്യക്തമാണ്. എന്നാല്‍ 2020ലെ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ ‘പൊന്നിന്‍ വില’യുള്ള നായകന്‍ കളിക്കേണ്ടതില്ലെന്നാണ് സെലക്‍ടര്‍മാരുടെ തീരുമാനം. വെസ്‌റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്കെതിരായ ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് ധോണി പുറത്താക്കിയതും ഈ കാരണം മുന്‍നിര്‍ത്തിയാണ്.
ധോണിയെ ഒഴിവാക്കാനുള്ള സെലക്‍ടര്‍മാരുടെ തീരുമാനം ബോളര്‍മാര്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞതും സമാനമായ നിലപാടാണ്. ടീമിലെ വല്ല്യേട്ടനായ ധോണി ഗ്രൌണ്ടില്‍ ബോളര്‍മാര്‍ക്ക് നല്‍കുന്ന പിന്തുണയും സഹായവും വിലമതിക്കാനാകാത്തതാണെന്നാണ് ഇന്ത്യന്‍ സ്‌പിന്നര്‍ വ്യക്തമാക്കിയത്.
സെലക്‍ടര്‍മാര്‍ കണ്ണടയ്‌ക്കുന്ന സാഹചര്യത്തില്‍ ധോണി ട്വന്റി-20യില്‍ നിന്നും വിരമിക്കാനുള്ള സാഹചര്യം വിദൂരമല്ല. അങ്ങനെ സംഭവിച്ചാല്‍ ബോളര്‍മാര്‍ക്കാകും കനത്ത തിരിച്ചടിയുണ്ടാകുക. ദുര്‍ബലരായ വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കിയെങ്കിലും മറ്റു ടീമുകളോട് ഈ ഫലം പ്രതീക്ഷിക്കാനാവില്ല. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയുടെ പ്രകടനം മോശമാണെന്ന വസ്‌തുതയും നിലനില്‍ക്കുന്നുണ്ട്.
ധോണി ഒഴിഞ്ഞാല്‍ കോഹ്‌ലിക്കാകും ഏറ്റവും വലിയ തിരിച്ചടിയുണ്ടാകുക. ബോളിംഗ്, ഫീല്‍ഡിംഗ് നിയന്ത്രണങ്ങള്‍ ഇന്നും മഹിയുടെ കൈകളിലാണ്. സമ്മര്‍ദ്ദമില്ലാതെ മികച്ച പ്രകടനം നടത്താന്‍ കോഹ്‌ലിയെ സഹായിക്കുന്നത് ധോണിയുടെ ഈ ഇടപെടലാണ്.
വിക്കറ്റിനു പിന്നില്‍ ധോണിയുടെ മികവ് റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. കളി മെനയാനും തന്ത്രങ്ങള്‍ അതിവേഗം നടപ്പിലാക്കാനുമുള്ള മിടുക്കാണ് ധോണിയില്‍ കണ്ടിരുന്നതെങ്കില്‍ ബാറ്റിംഗ് മികവ് മാത്രമാണ് പന്തിന് അവകാശപ്പെടാനുള്ളത്.
കണക്കുകളെല്ലാം ധോണിക്ക് അനുകൂലമാണെങ്കിലും അദ്ദേഹത്തിന്റെ മോശം ഫോം ഇന്ത്യന്‍ ടീമിന് ബാധ്യത തന്നെയാണ്. ഐ പി എല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തുവെങ്കിലും ടീം ഇന്ത്യക്കായി പാഡ് കെട്ടുമ്പോള്‍ അദ്ദേഹം കളി മറക്കുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ധോണിക്കുള്ള പരീക്ഷയാണെന്ന് സെലക്‍ടര്‍ വ്യക്തമാക്കിയിട്ടും ഫലമുണ്ടായില്ല.
ഈയൊരു ഘട്ടത്തില്‍ ധോണിയുമായി ബന്ധപ്പെട്ട ഏതൊരു തീരുമാനവും ടീം ഇന്ത്യക്ക് വ്യത്യസ്ഥമായ ഫലമാണ് ഉണ്ടാക്കുക. മുന്‍ നായകന്റെ ശൂന്യത നികത്തുകയെന്നത് കഠിനമായ കാര്യമാണെന്നത് കോഹ്‌ലിക്കും പരിശീലകന്‍ രവി ശാസ്‌ത്രിക്കും വ്യക്തമായി അറിയുകയും ചെയ്യാം. പന്തിനു കൂടുതല്‍ അവസരം നല്‍കി പരുവപ്പെടുത്തിയെടുക്കുക മാത്രമാണ് ഇവര്‍ക്ക് മുമ്പിലുള്ള ഏകവഴി.