Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തിനെ പുറത്തിരുത്തി കാര്‍ത്തിക്കിനായി വാദിച്ചത് ധോണിയല്ല; അത് ടീമിലെ മറ്റൊരു സൂപ്പര്‍താരം!

team india
മുംബൈ , വെള്ളി, 19 ഏപ്രില്‍ 2019 (13:50 IST)
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാനുള്ള ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ ദീര്‍ഘമായ ചര്‍ച്ച നടന്നത് യുവതാരം ഋഷഭ് പന്തിന്‍റെ വിഷയത്തിലായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന് പിന്നിലെ രണ്ടാമന്‍ ആരാകണമെന്ന ചര്‍ച്ച മണിക്കൂറുകളോളം തുടര്‍ന്നു.

നിലയുറപ്പിച്ച് ബാറ്റ് ചെയ്യുക, അതിവേഗം സ്‌കോര്‍ ഉയര്‍ത്തുക, ഫിനിഷറുടെ റോള്‍ ഏറ്റെടുക്കുക അതുമല്ലെങ്കില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക എന്നീ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരു താരം വേണം രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ എത്താന്‍ എന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഈ സ്ഥാനത്തേക്ക് പന്ത് അല്ലാതെ മറ്റൊരു താരം ഇല്ലെന്ന് സെലക്‍ടര്‍മാരും വിധിയെഴുതിയിരുന്നു. എന്നാല്‍, ടീമിലെ ഒരു മുതിര്‍ന്ന താരത്തിന്റെ പിന്തുണയുള്ള ഒരംഗം പന്ത് ടീമിൽ വേണ്ട എന്ന ഉറച്ച നിലപാട് സ്വീകരിച്ചതാണ് യുവതാരത്തിന് വിനയായത്.

കാര്‍ത്തിക്കിനായി വാദിക്കാന്‍ സെലക്ഷന്‍ കമ്മിറ്റിലെ മുതിര്‍ന്ന അംഗത്തിന് നിര്‍ദേശം നല്‍കിയത് കോഹ്‌ലി തന്നെയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിക്കറ്റിന് പിന്നില്‍ പന്തിനേക്കാള്‍ കേമന്‍ കാര്‍ത്തിക്ക് ആണെന്നും ലോകകപ്പില്‍ പ്രധാന റോള്‍ വഹിക്കാന്‍ അദ്ദേഹത്തിനാകുമെന്നും ക്യാപ്‌റ്റന്‍ വാദിച്ചതാണ് ഋഷഭിന് തിരിച്ചടിയായത്.

സെലക്ടര്‍മാരിലെ അഞ്ചില്‍ നാല് പേരും പന്തിനായി വാദിച്ചപ്പോഴാണ് കാര്‍ത്തിക്കിനായി കോഹ്‌ലിയുടെ ഇടപെടല്‍ ഉണ്ടായത്. തുടര്‍ന്ന് ക്യാപ്റ്റനെ കൂടി വിശ്വാസത്തിലെടുത്ത് സെലക്ഷന്‍ പൂര്‍ത്തിയാക്കാം എന്ന് സെലക്‍ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എവിടെ യുവി'; ഇർഫാൻ പത്താന്റെ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ