2023 ഏകദിനലോകകപ്പിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുതകര്‍ത്ത് ദക്ഷിണാഫ്രിക്ക. ബാറ്റര്‍മാര്‍ അഴിഞ്ഞാടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 താരങ്ങളാണ് സെഞ്ചുറി നേടിയത്. നേരത്തെ ടോസ് നേടിയ ശ്രീലങ്ക മത്സരത്തില്‍ ബൗളിങ്ങ് തിരെഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലെ ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ നായകനുമായ തെമ്പ ബവുമയെ 8 റണ്‍സിന് പുറത്താക്കാനായെങ്കിലും പിന്നീട് മത്സരത്തില്‍ ഒരിക്കലും ശ്രീലങ്കയെ കാണാനായില്ല.
രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്വിന്റണ്‍ ഡികോക്കും റസ്സി വന്‍ ഡര്‍ ഡസ്സനും 204 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 84 പന്തില്‍ 14 ഫോറും 3 സിക്‌സറുമടക്കം 100 റണ്‍സ് നേടിയാണ് ക്വിന്റണ്‍ ഡികോക്ക് മടങ്ങിയത്. പിന്നാലെ തന്നെ 108 റണ്‍സുമായി റസ്സി വാന്‍ഡര്‍ ഡസ്സനും മടങ്ങി. 13 ഫോറും 2 സിക്‌സുമടങ്ങുന്നതായിരുന്നു വാന്‍ഡര്‍ ഡസ്സന്റെ പ്രകടനം. ഇരു വിക്കറ്റുകളും വീണതോടെ ശ്രീലങ്ക മത്സരത്തില്‍ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന ഹെന്റിച്ച് ക്ലാസനും എയ്ഡന്‍ മാര്‍ക്രവും ശ്രീലങ്കയെ കൂട്ടക്കുരുതി ചെയ്യാനാണ് പദ്ധതിയിട്ടത്. 20 പന്തില്‍ 32 റണ്‍സുമായി ക്ലാസന്‍ മടങ്ങിയെങ്കിലും 53 പന്തില്‍ നിന്നും 106 റണ്‍സുമായി മാര്‍ക്രം ശ്രീലങ്കയ്ക്ക് കനത്ത നാശം വിതച്ചു. 14 ഫോറും 3 സിക്‌സറുമടങ്ങുന്നതായിരുന്നു മാര്‍ക്രത്തിന്റെ പ്രകടനം. 3 താരങ്ങള്‍ സെഞ്ചുറി കുറിച്ച മത്സരത്തില്‍ 5 വിക്കറ്റിന് 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക കുറിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ദില്‍ഷന്‍ മധുഷങ്ക 2 വിക്കറ്റ് വീഴ്ത്തി.