India vs New Zealand, 3rd ODI: ആകെ ഒന്‍പത് സെഞ്ചുറികള്‍, അതില്‍ നാലും ഇന്ത്യക്കെതിരെ; ഹെഡ് പോലെ മിച്ചല്‍
ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ചുറികളാണ് കിവീസിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്
Daryl Mitchell: ഡാരില്‍ മിച്ചലിന്റെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനു മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടി.
ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ചുറികളാണ് കിവീസിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മിച്ചല്‍ 131 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും സഹിതം 137 റണ്‍സ് നേടി. ഗ്ലെന്‍ ഫിലിപ്‌സ് 88 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 106 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മിച്ചല്‍ ബ്രേസ്വെല്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. വില്‍ യങ് 41 പന്തുകള്‍ നേരിട്ട് 30 റണ്‍സെടുത്തു.
രണ്ടാം ഏകദിനത്തിലും മിച്ചല്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയിരുന്നു. 117 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന മിച്ചല്‍ കളിയിലെ താരവുമായി. ഒന്നാം ഏകദിനത്തില്‍ ആകട്ടെ 71 പന്തുകളില്‍ 84 റണ്‍സും നേടി. ഇന്ത്യക്കെതിരായ മിച്ചലിന്റെ അവസാന ആറ് ഇന്നിങ്‌സുകളില്‍ നാല് സെഞ്ചുറികളുണ്ട്. രാജ്യാന്തര ഏകദിനത്തില്‍ ഒന്‍പത് സെഞ്ചുറികളാണ് മിച്ചല്‍ ഇതുവരെ നേടിയിരിക്കുന്നത്. അതില്‍ നാലെണ്ണവും ഇന്ത്യക്കെതിരെയാണ്.
ബൗളിങ്ങില്‍ ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും ഹര്‍ഷിത് റാണയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ഹര്‍ഷിത് 10 ഓവറില്‍ 84 റണ്‍സ് വിട്ടുകൊടുത്തു. മുഹമ്മദ് സിറാജ് 10 ഓവറില്‍ 43 റണ്‍സ് മാത്രമാണ് വഴങ്ങിയത്, ഒരു വിക്കറ്റും വീഴ്ത്തി.