വാര്‍ണറുടെ അടിയേറ്റ് ഡിവില്ലിയേഴ്‌സും കോഹ്‌ലിയും വീണു; ഐസിസിയുടെ പട്ടിക പുറത്ത്
വാര്‍ണറുടെ അടിയേറ്റ് ഡിവില്ലിയേഴ്‌സും കോഹ്‌ലിയും വീണു
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലേഴ്‌സിനെയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേയും പിന്നിലാക്കിയാണ് ഓസീസ് താരത്തിന്റെ കുതിപ്പ്.
ടീമുകളുടെ റാങ്കിംഗില്‍ ടീം ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ഡിവില്ലിയേഴ്‌സ് രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ കോഹ്‌ലി മൂന്നാമനായി. ദക്ഷിണാഫ്രിക്കന്‍ താരം ഡികോക്ക് നാലാമതും ന്യൂസിലന്‍ഡ് ടീമിന്റെ കോഹ്‌ലിയായി അറിയപ്പെടുന്ന കെയ്‌ന്‍ വില്യംസണ്‍ അഞ്ചാം സ്ഥാനവും നിലനിര്‍ത്തി.
ഇംഗ്ലണ്ട് താരം ജോ റൂട്ട്, ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല, ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്, ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടി ഗുപ്‌റ്റില്‍ എന്നിവരാണ് ആറ് മുതല്‍ ഒമ്പത് സ്ഥാനം സ്വന്തമാക്കിയത്.
ആദ്യ പത്ത് റാങ്കിംഗില്‍ കോഹ്ലിയല്ലാതെ മറ്റൊരു ഇന്ത്യന്‍ താരവും ഇല്ല. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി 13മത് സ്ഥാനത്താണ്.
പാകിസ്ഥാനെതിരായ ഏകദിനത്തില്‍ വാര്‍ണര്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഈ പ്രകടനമാണ് അദ്ദേഹത്തെ റാങ്കിങ്ങില്‍ ഒന്നാമതെത്തിച്ചത്.