Publish Date: Thu, 20 Jan 2022 (11:26 IST)
Updated Date: Thu, 20 Jan 2022 (11:41 IST)
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ജയിച്ചത് 31 റണ്‍സിനാണ്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ കരുതലോടെ ബാറ്റ് ചെയ്തു തുടങ്ങിയെങ്കിലും മധ്യ ഓവറുകള്‍ പിന്നിട്ടപ്പോള്‍ രാഹുലിനും സംഘത്തിനും താളം തെറ്റി. മധ്യനിര ബാറ്റര്‍മാരായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതില്‍ റിഷഭ് പന്തിന്റെ വിക്കറ്റ് ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കിയിരിക്കുകയാണ്.
ഫെലുക്വായോയുടെ ഓവറില്‍ ക്വിന്റണ്‍ ഡി കോക്ക് സ്റ്റംപ് ചെയ്താണ് റിഷഭ് പന്തിനെ മടക്കിയത്. അതിവേഗ സ്റ്റംപിങ് ആയിരുന്നു അത്. ഇടംകയ്യന്‍ ബാറ്ററായ പന്തിന്റെ ലെഗ് സൈഡിലൂടെ വന്ന പന്ത് വേഗം കൈപിടിയിലൊതുക്കി ഡി കോക്ക് സ്റ്റംപ് ചെയ്തു. ഇതാര് മിന്നല്‍ ധോണിയോ എന്നാണ് ഡി കോക്കിന്റെ സ്റ്റംപിങ് കണ്ട് ആരാധകര്‍ ചോദിക്കുന്നത്. വീഡിയോ റിവ്യുവിനായി പോലും കാത്തുനില്‍ക്കാതെ പന്ത് അത് ഔട്ടാണെന്ന് ഉറപ്പിച്ച് കൂടാരം കയറാനും തുടങ്ങി.