ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോർഡ്‌സിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ് ഓപ്പണിങ് താരം ഡെവോൺ കോൺവേ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കമായുള്ള ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനമാണ് കോൺവേ സെഞ്ചുറി നേടിയത്. ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊരുങ്ങുന്ന ന്യൂസിലൻഡിന് ഏറെ ആവേശം നൽകുന്നതാണ് കോൺവേയുടെ പ്രകടനം.
240 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറിയുടെ അകമ്പടിയില്‍ 136 റണ്‍സെടുത്ത് നിലയുറപ്പിച്ചിരിക്കുകയാണ് താരം. ഈ സെഞ്ചുറിയോടെ സൗരവ് ഗാംഗുലിയുടെ 25 വർഷത്തെ പഴക്കമുള്ള റെക്കോഡാണ് താരം തിരുത്തിയിരിക്കുന്നത്.1996ല്‍ ലോര്‍ഡ്സില്‍ 131 റണ്‍സടിച്ചാണ് ഗാംഗുലി വരവറിയിച്ചത്. ഇതുവരെ ലോര്‍ഡ്സിലെ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ഗാംഗുലിയുടെ പേരിലായിരുന്നു. കൂടാതെ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന്റെ റെക്കോഡും കോണ്‍വേ തകര്‍ത്തു.
ന്യൂസിലന്‍ഡിന് പുറത്തുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ കിവീസ് താരം ഇനി കോണ്‍വേയാണ്. 131 റണ്‍സ് നേടിയ വില്യംസണിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്.ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന 12ാമത്തെ ന്യൂസീലന്‍ഡ് താരം കൂടിയാണ് കോൺവേ.