വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കന്‍ താരം ധനഞ്ജയ ഡിസില്‍വയുടെ വിക്കറ്റ് നഷ്ടമാകുന്ന വീഡിയോ ശ്രദ്ധ നേടുന്നു. ബൗള്‍ഡ് ആകാതിരിക്കാന്‍ ബോള്‍ ബാറ്റ് കൊണ്ട് തട്ടാന്‍ ശ്രമിക്കുമ്പോള്‍ ഹിറ്റ് വിക്കറ്റ് ആകുകയായിരുന്നു.
വിന്‍ഡീസ് താരം ഷാനണ്‍ ഗബ്രിയേലിന്റെ ഓവറിലായിരുന്നു ഈ പുറത്താകല്‍. ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 95-ാം ഓവര്‍ ആണ് ഗബ്രിയേല്‍ എറിഞ്ഞത്. ഗബ്രിയേലിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ധനഞ്ജയയുടെ ബാറ്റില്‍ത്തട്ടിയ പന്ത് സ്റ്റംപിന് സമീപം പിച്ച് ചെയ്തു. അവിടെത്തന്നെ കുത്തി ഉയര്‍ന്ന പന്ത് സ്റ്റംപിലേക്ക് വീഴുമെന്ന് തോന്നിയ ധനഞ്ജയ ബാറ്റുകൊണ്ട് അടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചു. പന്ത് സ്റ്റംപില്‍ കൊള്ളാതിരിക്കാനുള്ള ധനഞ്ജയയുടെ തീവ്ര പരിശ്രമം ഹിറ്റ് വിക്കറ്റില്‍ കലാശിക്കുകയായിരുന്നു. മത്സരത്തില്‍ 95 പന്തില്‍ അഞ്ച് ഫോറുകളോടെ 61 റണ്‍സെടുത്താണ് ഡിസില്‍വ പുറത്തായത്.