ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്ത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 353 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ നിരയില്‍ യശ്വസി ജയ്‌സ്വാള്‍,ധ്രുവ് ജുറല്‍,കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. ടീമിലെ പ്രധാനതാരങ്ങളെല്ലാം തന്നെ പവലിയനിലേക്ക് മടങ്ങിയപ്പോഴും ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ യുവതാരം ധ്രുവ് ജുരലിന്റെ പ്രകടനമാണ് ഇന്ത്യയെ 300 റണ്‍സിലെത്തിച്ചത്. ജുറല്‍ 149 പന്തില്‍ 90 റണ്‍സ് നേടി. 6 ബൗണ്ടറികളും 4 സിക്‌സുമടങ്ങുന്നതായിരുന്നു ജുറലിന്റെ പ്രകടനം.
ഇന്ത്യന്‍ നിരയില്‍ ജുറലിനെ കൂടാതെ യശ്വസി ജയ്‌സ്വാള്‍ മാത്രമാണ് അര്‍ധസെഞ്ചുറി പ്രകടനം നടത്തിയത്. ജയ്‌സ്വാള്‍ 117 പന്തില്‍ നിന്നും 73 റണ്‍സ് നേടി പുറത്തായി. 177 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ 250 റണ്‍സ് പോലും നേടില്ലെന്ന ഘട്ടത്തില്‍ ജുറല്‍ കുല്‍ദീപ് കൂട്ടുക്കെട്ടാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ രക്ഷിച്ചത്. ഇംഗ്ലണ്ട് സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട കുല്‍ദീപ് 131 പന്തില്‍ 28 റണ്‍സാണ് നേടിയത്.