'ഒന്നും പറയാനില്ല, നമിച്ചിരിക്കുന്നു'; ഹാര്‍ദിക്കിനു മുന്നില്‍ കുമ്പിട്ട് ദിനേശ് കാര്‍ത്തിക്ക് !
ഹാര്‍ദിക്ക് വിജയറണ്‍ നേടുമ്പോള്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന ബാറ്റര്‍
ഏഷ്യാ കപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം സമ്മാനിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ മികവാണ്. 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി. 148 റണ്‍സെന്ന താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടരുമ്പോഴും ഇന്ത്യ പതറിയിരുന്നു. 89-4 എന്ന നിലയില്‍ പരുങ്ങലിലായപ്പോള്‍ ആണ് ഹാര്‍ദിക്ക് ക്രീസിലെത്തിയത്. പിന്നീട് ഇന്ത്യയെ വിജയത്തിലെത്തിക്കും വരെ ഹാര്‍ദിക്ക് ക്രീസിലുണ്ടായിരുന്നു. മൂന്ന് പന്തില്‍ നിന്ന് ജയിക്കാന്‍ ആറ് റണ്‍സ് വേണ്ടപ്പോള്‍ കിടിലന്‍ ഒരു സിക്‌സര്‍ പറത്തിയാണ് ഹാര്‍ദിക്ക് ഇന്ത്യയുടെ വിജയനായകനായത്.
ഹാര്‍ദിക്ക് വിജയറണ്‍ നേടുമ്പോള്‍ ദിനേശ് കാര്‍ത്തിക്കായിരുന്നു നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഉണ്ടായിരുന്ന ബാറ്റര്‍. ഹാര്‍ദിക്കിനു മുന്നില്‍ വന്നു കുമ്പിടുകയാണ് കാര്‍ത്തിക്ക് അപ്പോള്‍ ചെയ്തത്. ഇന്ത്യയെ വിജയത്തിലെത്തിച്ച പാണ്ഡ്യയുടെ ഇന്നിങ്‌സിന് അത്ര വിലയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.