'പേരില്‍ മാത്രം പോരാ ആവേശം ഗ്രൗണ്ടിലും വേണം'; ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ആവേശ് ഖാനെതിരെ ആരാധകര്‍
കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 39-ാം ഓവര്‍ എറിഞ്ഞത്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരം ആവേശ് ഖാനെതിരെ ആരാധകര്‍. പേരില്‍ മാത്രം ആവേശം ഉണ്ടായാല്‍ പോരാ അത് ഗ്രൗണ്ടിലും കാണിക്കണമെന്നാണ് ആരാധകരുടെ കമന്റ്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നിര്‍ണായകമായ 39-ാം ഓവറില്‍ സിംഗിള്‍ എടുത്ത് സഞ്ജു സാംസണ് സ്‌ട്രൈക്ക് കൈമാറാന്‍ പോലുമുള്ള വിവേകം ആവേശ് ഖാന്‍ കാണിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്.
കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 39-ാം ഓവര്‍ എറിഞ്ഞത്. ആദ്യ പന്ത് സ്‌ട്രൈക്ക് ചെയ്തത് ആവേശ് ഖാനാണ്. നോണ്‍ സ്‌ട്രൈക് എന്‍ഡില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസണ്‍ നില്‍ക്കുന്നു. ഈ സമയത്ത് എങ്ങനെയെങ്കിലും ഒരു സിംഗിള്‍ എടുത്ത് സഞ്ജുവിനെ പോലൊരു ബാറ്ററെ ക്രീസിലെത്തിക്കുകയാണ് ആവേശ് ഖാന്‍ ചെയ്യേണ്ടിയിരുന്നത് ആരാധകര്‍ പറയുന്നത്.
39-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിലും ആവേശ് ഖാന് റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. സ്‌ട്രൈക് റൊട്ടേറ്റ് ചെയ്യാനുള്ള ശ്രമവും ആവേശ് ഖാന്‍ നടത്തിയില്ല. റബാദയുടെ പന്തുകളിലെല്ലാം കൂറ്റനടിക്കാണ് ആവേശ് ഖാന്‍ ശ്രമിച്ചത്. അതൊന്നും ഫലം കണ്ടില്ല. ആ സമയത്ത് ഒരു സിംഗിള്‍ ഇടാനുള്ള ശ്രമമാണ് ആവേശ് ഖാന്‍ നടത്തേണ്ടിയിരുന്നത്. വെറുതെ അടിക്കാന്‍ നോക്കിയ സമയത്ത് സിംഗിളിന് വേണ്ടി ആവേശ് ഖാന്‍ ശ്രമിച്ചിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്നും കുറച്ചെങ്കിലും വിവേകം കാണിക്കുകയാണ് ഇത്തരം സമയങ്ങളില്‍ വേണ്ടതെന്നും ആരാധകര്‍ വിമര്‍ശിച്ചു.