Delhi Capitals: വലിയ ബുദ്ധിയുള്ള ആളുകളാണ് ഡഗ്ഔട്ടില്‍ ഉള്ളത്, എന്നിട്ടാണ് ഇങ്ങനെയൊരു മണ്ടത്തരം; പോണ്ടിങ്ങിനും ഗാംഗുലിക്കും വിമര്‍ശനം
ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഏഴാം നമ്പറിലാണ് ഡല്‍ഹി ബാറ്റ് ചെയ്യാന്‍ ഇറക്കിയത്
Delhi Capitals: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റതിനു പിന്നാലെ റിക്കി പോണ്ടിങ്ങിനെയും സൗരവ് ഗാംഗുലിയെയും വിമര്‍ശിച്ച് ആരാധകര്‍. ഇരുവരുടെയും മണ്ടന്‍ തീരുമാനമാണ് ഡല്‍ഹി നിര്‍ണായക മത്സരത്തില്‍ തോല്‍ക്കാന്‍ കാരണമെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയുടെ പരിശീലകനാണ് റിക്കി പോണ്ടിങ്. സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ അംഗമാണ് സൗരവ് ഗാംഗുലി. വളരെ അനുഭവസമ്പത്തുള്ള രണ്ട് മുതിര്‍ന്ന താരങ്ങള്‍ ഉണ്ടായിട്ടും ഡല്‍ഹി മാനേജ്‌മെന്റില്‍ നിന്നുണ്ടായ മോശം തീരുമാനമാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമെന്നാണ് വിമര്‍ശനം.
ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെ ഏഴാം നമ്പറിലാണ് ഡല്‍ഹി ബാറ്റ് ചെയ്യാന്‍ ഇറക്കിയത്. ഈ സീസണില്‍ ഡല്‍ഹിക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമനാണ് അക്ഷര്‍ പട്ടേല്‍. എന്നിട്ടും അക്ഷറിനെ ബാറ്റിങ് ഓര്‍ഡറില്‍ വളരെ താഴേക്ക് ഇറക്കിയത് എന്ത് തന്ത്രമാണെന്നാണ് ആരാധകരുടെ ചോദ്യം. അക്ഷര്‍ കുറച്ച് നേരത്തെ എത്തിയിരുന്നെങ്കില്‍ ഡല്‍ഹിക്ക് ജയിക്കാമായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. 11 കളികളില്‍ നിന്ന് 267 റണ്‍സാണ് അക്ഷര്‍ ഇതുവരെ നേടിയിരിക്കുന്നത്.
ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് അക്ഷര്‍. ഇടംകയ്യന്‍ ബാറ്ററാണെന്ന ആനുകൂല്യവും അക്ഷറിന് ഉണ്ട്. എന്നിട്ടും അക്ഷറിനേക്കാള്‍ മുന്‍പ് പരിചയസമ്പത്ത് കുറഞ്ഞ റിപല്‍ പട്ടേലിനെ ബാറ്റിങ്ങിന് ഇറക്കിയ തീരുമാനം എന്തൊരു മണ്ടത്തരമാണെന്ന് ആരാധകര്‍ ചോദിക്കുന്നു. പോണ്ടിങ്ങും ഗാംഗുലിയുമൊക്കെ ഡഗ്ഔട്ടില്‍ ഉണ്ടായിട്ടാണ് ഇങ്ങനെയൊരു മണ്ടത്തരം ഡല്‍ഹിയില്‍ നിന്ന് സംഭവിച്ചതെന്നും ആരാധകര്‍ പരിഹസിക്കുന്നു.
മത്സരത്തില്‍ 27 റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുള്ളൂ. അക്ഷര്‍ പട്ടേല്‍ 12 പന്തില്‍ 21 റണ്‍സ് നേടി അവസാന സമയത്ത് പൊരുതി നോക്കിയെങ്കിലും അപ്പുറത്ത് അക്ഷറിനൊപ്പം കളിക്കാന്‍ മറ്റാരും ഇല്ലാതിരുന്നത് ഡല്‍ഹിക്ക് തിരിച്ചടിയായി. നാലാമതോ അഞ്ചാമതോ ആയി അക്ഷര്‍ എത്തിയിരുന്നെങ്കില്‍ കളിയുടെ ഫലം മാറിയേനെ എന്നാണ് ആരാധകര്‍ പറയുന്നത്.