എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!
2025ലെ മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിലെ ഉദ്ഘാടനമത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍.
2025ലെ മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിലെ ഉദ്ഘാടനമത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തി ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍. 51 പന്തില്‍ നിന്നും 151 റണ്‍സാണ് താരം നേടിയത്. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും സ്‌ഫോടനാത്മകമായ ഇന്നിങ്ങ്‌സാണ് താരം ഇന്നലെ പുറത്തെടുത്തത്. ഓക്ക്ലാന്‍ഡില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനെതിരെ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സിനായി കളിച്ചാണ് താരം വമ്പന്‍ ഇന്നിങ്ങ്‌സ് പുറത്തെടുത്തത്. നിരവധി റെക്കോര്‍ഡുകളും താരം സ്വന്തമാക്കി.
മത്സരത്തില്‍ 19 സിക്‌സുകളാണ് താരം നേടിയത്. ഇതോടെ ഒരു ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന നേട്ടം താരം സ്വന്തമാക്കി. 2024ല്‍ സഹില്‍ ചൗഹാന്‍ സ്ഥാപിച്ച 18 സിക്‌സറുകളുടെ റെക്കോര്‍ഡാണ് താരം തിരുത്തിയത്. 19 സിക്‌സുകള്‍ക്ക് പുറമെ അഞ്ച് ബൗണ്ടറികളും താരം നേടി. വെറും 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഫിന്‍ അലന്‍ 34 പന്തില്‍ സെഞ്ചുറി സ്വന്തമാക്കി. 49 പന്തിലാണ് താരം 150 റണ്‍സിലെത്തിയത്. ഇതോടെ 52 പന്തില്‍ 150 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിന്റെ ടി20 റെക്കോര്‍ഡും താരം തകര്‍ത്തു. ഫിന്‍ അലന്റെ പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് യൂണികോന്‍സ് നേടിയത്. മത്സരത്തിന്റെ പതിനെട്ടാം ഓവറിലാണ് താരം പുറത്തായത്.