ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ ലോകകപ്പ് നേടുമോ? 2011 ല്‍ സംഭവിച്ചത് ഇതാണ്
2011 ഏകദിന ലോകകപ്പിന് ശേഷം ഐസിസി ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിക്കുന്നത് ആദ്യമായാണ്
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ് ഇന്ത്യക്ക് തന്നെയെന്ന് പ്രവചിച്ച് ആരാധകര്‍. സൂപ്പര്‍ 12 ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ഇന്ത്യയുടെ കിരീട സാധ്യത വര്‍ധിച്ചതായി ആരാധകര്‍ പറയുന്നത്. അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്.
2011 ഏകദിന ലോകകപ്പിന് ശേഷം ഐസിസി ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. അതായത് 2011 ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. അതിനുശേഷം രണ്ട് ഏകദിന ലോകകപ്പുകളും അതിലും കൂടുതല്‍ ട്വന്റി 20 ലോകകപ്പുകളും പിന്നെ ചാംപ്യന്‍സ് ട്രോഫി പോരാട്ടവും നടന്നു. ഇതിലൊന്നും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല !
2011 ഏകദിന ലോകകപ്പിനു ശേഷം ഒരു ഐസിസി ഇവന്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിക്കുന്നത് ഇപ്പോഴാണ്. അതായത് കൃത്യമായി പറഞ്ഞാല്‍ 11 വര്‍ഷത്തിനു ശേഷം !
ഇനി 2011 ലേക്ക് വരാം...അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തകര്‍ത്തത്. ആ ലോകകപ്പില്‍ ഇന്ത്യ തോറ്റ ഏക കളിയും ഇത് തന്നെ. ഒടുവില്‍ 2011 ല്‍ ഇന്ത്യയാണ് ഏകദിന ലോകകപ്പില്‍ മുത്തമിട്ടത്. അതിന്റെ തനിയാവര്‍ത്തനമാകും ഇത്തവണ ട്വന്റി 20 ലോകകപ്പില്‍ നടക്കുകയെന്നാണ് ആരാധകര്‍ പറയുന്നത്.
2011 ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.4 ഓവറില്‍ 296 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.